
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് നീക്കവുമായി ഗതാഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ചർച്ചയ്ക്ക് വിളിച്ചു. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച. എല്ലാ സംഘടനകളെയും നാളത്തെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. സമരം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്. അതേസമയം, വിവാദ സർക്കുലർ പൂർണമായി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടന. നാളത്തെ ചർച്ചയിൽ സമവായമുണ്ടായില്ലെങ്കിൽ മന്ത്രിയുടെ വസതിക്ക് മുന്നിലേക്കും സമരം നീട്ടാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു.
ഇന്നലെ തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ വലിയതുറ പൊലീസാണ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദിൻ്റെ പരാതിയിലാണ് വലിയതുറ പൊലീസ് നടപടി എടുത്തത്. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് ഇന്നലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകിയത്.