അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിനായത്

dot image

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിനായത്. സ്വന്തം വാഹനങ്ങളുമായി ടെസ്റ്റിന് എത്തിയ ആളുകളെ പ്രതിഷേധക്കാർ ഇന്നും തടഞ്ഞു.

തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റിന് എത്തിയവരെ, പോലീസ് ഇടപെട്ട് ഗ്രൗണ്ടിലേക്ക് കയറ്റി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മകൾ അടക്കം മൂന്നുപേരാണ് ഇന്ന് മുട്ടത്തറയിൽ എത്തിയത്. സമരക്കാരുടെ കൂക്കി വിളിക്കും അസഭ്യ വർഷങ്ങൾക്കുമിടയിൽ എച്ച് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും പരാജയപ്പെട്ടു. ടൂ വീലർ വിത്ത് ഗിയർ വിഭാഗത്തിൽ എത്തിയ രണ്ട് പേരും റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടു. ടെസ്റ്റ് കഴിഞ്ഞു വാഹനവുമായി പുറത്തിറങ്ങുമ്പോഴും ഇവർക്ക് നേരെ ശക്തമായ പ്രതിഷേധമുണ്ടായി. സമരക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ പരാതി നൽകി. ടെസ്റ്റിനെത്തിയ മകളെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മകളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വലിയതുറ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പത്തനംതിട്ടയിൽ 16 പേരാണ് ടെസ്റ്റിനെത്തിയത്. ചിലയിടങ്ങളിൽ ടെസ്റ്റിന് ഒരാൾ പോലും എത്തിയില്ല. അതിനിടെ പരിഷ്കാരത്തിനെതിരായ സമരം ടെസ്റ്റിംഗ് ഗ്രൗണ്ട് കിടന്ന് തെരുവിലേക്ക് എത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഈ മാസം രണ്ടിന് ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് 80000 ഓളം പേരുടെ അവസരമാണ് നഷ്ടമായത്. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ഗതാഗത മന്ത്രിയുടെ വസതിക്ക് മുന്നിലേക്കും സമരം നീട്ടാനാണ് പ്രതിഷേധക്കാരുടെ ആലോചന.

dot image
To advertise here,contact us
dot image