വേനല്മഴ അനുഗ്രഹമായി; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി

നിയന്ത്രണം ഇനി വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്.

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല് മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില് കുറവ് വന്നതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞ പശ്ചാത്തലത്തില് നിയന്ത്രണം ഇനി വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്.

വേനല് മഴ കനത്തതോടെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും പീക്ക് ടൈം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. നിലവില് രണ്ട് ദിവസത്തെ സാഹചര്യം കൂടി വിലയിരുത്തിയാകും തീരുമാനം. എന്നാല് പരക്കെ മഴ ലഭിക്കാന് തുടങ്ങിയതോടെ വലിയ തോതില് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. പ്രതിദിന ഉപഭോഗവും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലടക്കം നിയന്ത്രണം വേണ്ടി വന്നിരുന്നില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ഇത് കൂടി കണക്കിലെടുത്താണ് നിലവിലെ തീരുമാനം.

നേരത്തെ ലോഡ് കൂടുന്ന ചില പ്രദേശങ്ങള് കേന്ദ്രീകരിച്ച് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. രാത്രി ഏഴ് മണി മുതല് പുലര്ച്ചെ രണ്ട് മണി വരെയുള്ള സമയത്തിനിടയിലായിരുന്നു നിയന്ത്രണം. ഇതും വൈദ്യുതി പ്രതിസന്ധിയെ നിയന്ത്രണവിധേയമാക്കാന് സഹായിച്ചിട്ടുണ്ട്.. ഏതായാലും വരുന്ന ദിവസം കൂടി ഇതേ രീതിയില് വേനല്മഴ കനത്താല് വൈദ്യുതി പ്രതിസന്ധിയെ പൂര്ണമായും പിടിച്ചുകെട്ടാന് കഴിയുമെന്നാണ് കണക്കുകൂട്ടല്.

dot image
To advertise here,contact us
dot image