ലൈംഗിക വിദ്യാഭ്യാസം; അടുത്ത വര്ഷത്തെ ഏഴ്,ഒമ്പത് ക്ലാസുകളില് പാഠ്യവിഷയമാവും

അടുത്ത അധ്യയനവര്ഷം ഏഴ്, ഒന്പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്പ്പെടുത്തുക.

dot image

തൃശ്ശൂര്: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്ഷം ഏഴ്, ഒന്പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള് തയ്യാറാക്കിയിട്ടുള്ളത്.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്പ്പെടുത്താന് വൈകുന്നതില് കഴിഞ്ഞ വര്ഷം മേയില് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്ഭം അലസിപ്പിക്കാന് അനുമതി തേടി മാതാപിതാക്കള് നല്കിയ ഹര്ജിയിലായിരുന്നു കോടതി ഇടപെടല്. കൗമാരകാല ഗര്ഭധാരണമുള്പ്പെടെയുള്ള പ്രശ്നങ്ങള് കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തില് ഉള്പ്പെടുന്നത്.

കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക. ഒന്പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ 'പ്രത്യുത്പാദന ആരോഗ്യം' എന്ന അധ്യായത്തില് വിശദമായി വിഷയം പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോര്മോണ് വ്യതിയാനങ്ങള്, ആര്ത്തവകാല ശുചിത്വം, ഗര്ഭധാരണം എങ്ങനെ, ഭ്രൂണവളര്ച്ച, ഗര്ഭനിരോധന മാര്ഗങ്ങള്, പ്രസവപ്രക്രിയ, ഗര്ഭഛിദ്രം, ഗര്ഭഛിദ്രത്തിന്റെ അപകടസാധ്യതകള് തുടങ്ങിയവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാല് എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെല്പ് ലൈന് നമ്പറും പാഠഭാഗത്തിലുണ്ട്.

dot image
To advertise here,contact us
dot image