
തിരുവനന്തപുരം: ലോഡ് കൂടുമ്പോൾ ഫ്യൂസ് പോകുമെന്നും അടുത്ത സെക്കൻഡിൽ തന്നെ സെക്ഷൻ ഓഫീസിൽ വിളിക്കേണ്ടെന്നും കെഎസ്ഇബി പബ്ലിക് റിലേഷൻ ഓഫീസർ സുഭാഷ് പറഞ്ഞു. സെക്ഷൻ ഓഫീസിൽ വന്നതുകൊണ്ട് കറന്റ് കിട്ടില്ല. ഇത് ബോധപൂർവം ചെയ്യുന്നതല്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കെഎസ്ഇബി പബ്ലിക് റിലേഷൻ ഓഫീസറുടെ വാക്കുകള്
പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണം. ലോഡ് കൂടുമ്പോൾ ഫ്യൂസ് പോകും. അങ്ങനെയാണ് കറന്റ് പോകുന്നത്. പരാതി പറയാൻ വിളിക്കുമ്പോൾ ജനം പറയുന്നത് ഫോൺ എടുക്കുന്നില്ല എന്നാണ്. എന്നാൽ അങ്ങനെയല്ല. ഏത് സെക്ഷൻ ഓഫീസിൽ പോയാലും നിങ്ങൾക്ക് അവിടത്തെ അവസ്ഥ മനസിലാക്കാം. രണ്ടോ മൂന്നോ ജീവനക്കാരെ അവിടുണ്ടാവൂ. നിങ്ങൾക്കുതന്നെ കഷ്ടം തോന്നുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാകും അവർ ചെയ്യുന്നുണ്ടാവുക. മനഃപൂർവം ഫോൺ എടുക്കാതിരിക്കുന്നതല്ല. ഉപഭോക്താക്കൾ ചെയ്യേണ്ടത്, അഥവാ സപ്ലൈ പോയാൽ ഹെവി ലോഡുകളായ എസി പോലുള്ള ഉപകരണങ്ങൾ ഓഫാക്കുകയാണ്. വൈദ്യുതി നിലച്ചാൽ സെക്കൻഡിൽ തന്നെ സെക്ഷൻ ഓഫീസിൽ വിളിക്കേണ്ട. ഒന്നുകിൽ 1912-ൽ വിളിക്കുക. അല്ലെങ്കിൽ കുറച്ചുനേരമൊന്ന് നോക്കുക. ആ സമയത്തിനുള്ളിൽ അവർ പ്രശ്നം പരിഹരിക്കും.