
ആലുവ: ചൊവ്വര കൊണ്ടോട്ടിയില് കാറിൽ എത്തിയ സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മൻസൂർ റിപ്പോർട്ടറിനോട്. തലയ്ക്ക് അടിയേറ്റപ്പോൾ എല്ലാവരും ഓടിയെന്നും മൻസൂർ പറഞ്ഞു. പരിസരത്ത് ഉണ്ടായിരുന്ന ശ്രീമൂലനഗരം മുന് പഞ്ചായത്ത് മെമ്പര് സുലൈമാൻ കാര്യം തിരക്കാൻ വന്നതാണ്. സുലൈമാനെ ചവിട്ടി താഴെയിട്ട പ്രതികൾ തല അടിച്ച് തകർത്തുവെന്നും മൻസൂർ പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ആക്രമണത്തില് മുന് പഞ്ചായത്തംഗം അടക്കം നാല് പേര്ക്കാണ് പരിക്കേറ്റത്.
കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതികള് ക്വട്ടേഷന് സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.
ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില് നാല് പേരെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. സിറാജ്, സനീര്, ഫൈസല് ബാബു, കബീര് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില് എടുത്തത്. ഫൈസല് ബാബുവാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.