
തിരുവനന്തപുരം: മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാരുടെ പരസ്യ ടെസ്റ്റ് പൂര്ത്തിയാക്കി റിപ്പോര്ട്ട് ഗതാഗത മന്ത്രിക്ക് സമര്പ്പിച്ചു. ജോയിന്റ് കമ്മീഷണര് ആണ് റിപ്പോര്ട്ട് ഗതാഗത മന്ത്രിക്ക് കൈമാറിയത്. റിപ്പോര്ട്ട് പരിശോധിച്ച ശേഷം മന്ത്രി തുടര്നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാര്ക്ക് ഇത്തരത്തില് ഒരു ടെസ്റ്റ് നടത്തുന്നത്.
പ്രതിദിനം നൂറിലധികം ഡ്രൈവിങ് ടെസ്റ്റുകള് നടത്തുന്നതായി കണ്ടെത്തിയ 12 ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് വിളിപ്പിച്ച് പരസ്യ ടെസ്റ്റിന് വിധേയരാക്കിയത്. രാവിലെ 8.30 മുതല് ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്ത് ഇവര് എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.
പരസ്യ ടെസ്റ്റ് അവസാനിക്കുമ്പോള് 98 പേരുടെ ടെസ്റ്റ് പൂര്ത്തിയാക്കാന് ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞു. ഇതില് 16 പേര് മാത്രമാണ് ലൈസന്സ് ടെസ്റ്റ് പാസായത്. ഉദ്യോഗസ്ഥര് കൂട്ടത്തോടെ പരിശോധന നടത്തുകയും, നടപടികള് ക്യാമറയില് പകര്ത്തുന്നതും കണ്ട് ഭയന്നതാണ് ഭൂരിഭാഗം പേരും പരാജയപ്പെടാന് കാരണം.
അസിസ്റ്റന്റ് ട്രാന്സ്പോര്ട്ട് കമ്മിഷണര്, ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മിഷണര്, ജോയിന്റ് ട്രാന്സ്പോര്ട്ട് കമ്മിഷണര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടെസ്റ്റ്. ആദ്യം എച്ച് ടെസ്റ്റ് നടത്തിച്ച് അതിന് എത്ര സമയം വേണ്ടി വന്നു എന്ന കാര്യം ക്യാമറയില് രേഖപ്പെടുത്തി. അതിനുശേഷം റോഡ് ടെസ്റ്റിനുള്ള സമയവും പരിശോധിച്ചു. ഇതനുസരിച്ചുള്ള റിപ്പോര്ട്ടാണ് മന്ത്രിക്ക് കൈമാറിയത്. റിപ്പോര്ട്ട് പരിശോധിച്ച് മന്ത്രി നടപടി സ്വീകരിക്കും.