
മലപ്പുറം: കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്ന തിങ്കളാഴ്ച ക്ഷേത്രത്തിൽ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങിലാണ് ഇരുനേതാക്കളും പങ്കെടുത്തത്. ഉച്ചയ്ക്ക് 11.30ഓടെയാണ് നേതാക്കൾ അമ്പലത്തിലെത്തിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് യു എം ഹംസയും പരിപാടിയിൽ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വി പി ഉണ്ണികൃഷ്ണൻ, വി പി രതീഷ്, കെ വി അനിൽകുമാർ, കെ വി അജീഷ്സ കെ പി വൈശാഖ്, സുജിത് കുട്ടൻ, വി പി മനോജ് കുമാർ, വി പി ബാലകൃഷ്ണൻ, വി പി സുരേഷ്, സി എം ശിവദാസൻ എന്നിവർ ചേർന്നാണ് നേതാക്കളെ സ്വീകരിച്ചത്.
ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ടു. ക്ഷേത്രഭാരവാഹികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മടങ്ങിയത്. നൂറുകണക്കിനാളുകളാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി നേതൃത്വം നൽകിയത്. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറിയിരുന്നു.