തൃശൂരിൽ ചേട്ടൻ തോൽക്കും എന്ന് പറയില്ല, എന്നാല് സുരേഷ് ഗോപിക്ക് ജയം ഉറപ്പ്: പത്മജ വേണുഗോപാൽ

എന്നെ വേണ്ടെന്ന് പറഞ്ഞ ചേട്ടന് വേണ്ടി ഞാൻ എന്തിന് പ്രാർത്ഥിക്കണം

dot image

തൃശൂർ: തൃശൂരിൽ എന്ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. തന്നെ വേണ്ട എന്ന് പരസ്യമായി പറഞ്ഞ്, സഹോദര ബന്ധം പോലും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന് വേണ്ടി താൻ എന്തിന് പ്രാർത്ഥിക്കണമെന്നും പത്മജ ചോദിച്ചു. തൃശ്ശൂരിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പത്മജയുടെ പ്രതികരണം.

സഹോദരൻ്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രാർത്ഥിക്കാനായി അദ്ദേഹം അസുഖം ബാധിച്ച് കിടക്കുകയൊന്നുമല്ലല്ലോ എന്നായിരുന്നു പത്മജയുടെ മറുപടി. കുടുംബം വേറെയാണ്, പ്രസ്ഥാനം വേറെയാണ്. എന്നിരുന്നാൽ പോലും അദ്ദേഹത്തെ താൻ തള്ളി പറഞ്ഞിട്ടില്ല. അദ്ദേഹമാണ് എന്നെ കാണണ്ട, ഞാൻ സഹോദരിയല്ല, എന്നെ വേണ്ട എന്നൊക്കെ പറഞ്ഞത്. അതുകൊണ്ട് തന്നെ എന്നെ തള്ളി പറഞ്ഞ അദ്ദേഹത്തിൻ്റെ വിജയത്തിന് വേണ്ടി താൻ എന്തിന് പ്രാർത്ഥിക്കണമെന്നും പത്മജ ചോദിച്ചു.

തൻ്റെ സഹോദരൻ തോൽകും എന്ന് പറയില്ല. പക്ഷേ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വിജയം നൂറുശതമാനം ഉറപ്പാണ്. എന്നാലും ഉറച്ച് പറയാൻ താൻ ജ്യോത്സ്യം പഠിച്ചിട്ടില്ല എന്നും പത്മജ പറഞ്ഞു. തൃശൂർക്കാർ സുരേഷ് ഗോപിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്. ആ തരംഗം പ്രചാരണ സമയത്ത് കാണാൻ കഴിഞ്ഞതുമാണ്. ചെറുപ്പക്കാരും സ്ത്രീകളും അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യും. എന്നാൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി കള്ളവോട്ടിന് സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങള് തള്ളിയ പത്മജ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെയാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ആരോപിച്ചു.

വോട്ട് ചെയ്യാൻ പോകും വഴി കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു
dot image
To advertise here,contact us
dot image