
തിരുവനന്തപുരം: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയിൽ നടപടി. തൃശ്ശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
പൊലീസ് നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോർട്ട് തേടിയത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി.
പൊലീസിന്റെ അമിത നിയന്ത്രണം മൂലം തൃശൂര് പൂരം നടത്തിപ്പിലുണ്ടായ വീഴ്ച യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സർക്കാരിനെതിരെ വലിയ ആയുധമാക്കിയിരുന്നു. പൂര ദിവസം സംഘാടകരെ അടക്കം പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പട്ടയും കുടയും കൊണ്ടുവന്നവരെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു തടഞ്ഞത്. വിഷയത്തിൽ ഇടതു മുന്നണിയും എൽഡിഎഫ് സ്ഥാനാർത്ഥികളും നടപടി ആവശ്യപ്പെട്ടിരുന്നു.