ജയിലിൽ പോകാൻ ഞങ്ങൾക്ക് പേടിയില്ല, പേടിയുള്ള കോൺഗ്രസ്സുകാരാണ് ബിജെപിയിൽ ചേരുന്നത്: സീതാറാം യെച്ചൂരി

'എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി.'

dot image

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്ന് സീതാറാം യെച്ചൂരി. ഫാസിസ്റ്റ് നിയമവാഴ്ച്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന് പോകുന്നതെന്ന് പറഞ്ഞ യെച്ചൂരി കേന്ദ്രത്തിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ച്ചയെ മാറ്റിമറിച്ചെന്നും യെച്ചൂരി ആരോപിച്ചു.

കേരളത്തില് കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മുകാരാണ്. പക്ഷേ ബിജെപിക്കെതിരെ നിരന്തരം പോരാടിയ പാർട്ടിയാണ് സിപിഐഎം. മോദി മുഖ്യമന്ത്രിയായ സമയത്താണ് ബിൽക്കിസ് ബാനു ക്രൂരമായി പീഡനത്തിനിരയായത്. ബിൽക്കിസ് ബാനുവിന് വേണ്ടി പോരാടിയത് ഇടതുപക്ഷമാണ്. കോൺഗ്രസ് അന്ന് ഒന്നും ചെയ്തില്ല എന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി. ജയിലിൽ പോകാൻ ഞങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസ്സുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പ്രത്യേക അവകാശം റദ്ദ് ചെയ്തപ്പോൾ ജമ്മു കശ്മീരിൽ പോകാന് പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല. അന്ന് അതിനെതിരെ സുപ്രീം കോടതിയിൽ പോയ ആളാണ് ഞാന്. കോടതിയുടെ അനുമതിയോടെ കശ്മീരിൽ പോയപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാനായി. അവിടുത്തെ മുസ്ലീങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു എംപി പോലും പാർലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാൻ ബിജെപി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടികൊണ്ടിരിക്കുന്നു. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല. വർഗീയതയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ്. ഇലക്ട്രൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ നടപ്പില്ലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഗവർണർമാരെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ് പല സംസ്ഥാനങ്ങളിലും ഗവർണർമാരിലൂടെ ബി ജെ പി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

dot image
To advertise here,contact us
dot image