
തൃശ്ശൂര്: തൃശ്ശൂര് പൂരത്തില് പൊലീസ് ബാരിക്കേഡ് വെച്ച് സംഘര്ഷം ഉണ്ടാക്കാന് ശ്രമിച്ചെന്ന് തൃശ്ശൂര് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി കെ മുരളീധരന്. ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം. ജനക്കൂട്ടം ആത്മസംയമനം പാലിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ പൊലീസ് തള്ളിമാറ്റിയെന്നും മുരളീധരൻ പറഞ്ഞു.
'തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആർക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്തു കൊണ്ട് പൊലീസിനെ സംസ്ഥാന ഭരണകൂടം നിയന്ത്രിച്ചില്ല. ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുത്തു. ബിജെപി, സിപിഐഎം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമെന്ന് സംശയിക്കുന്നു. ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണിത്. സർക്കാർ വിരുദ്ധ വികാരമുണ്ടാക്കി ബിജെപിയെ സഹായിക്കുന്നു. മറ്റ് ഇടങ്ങളിൽ തിരിച്ച് സഹായിക്കുന്നുണ്ടാകും', മുരളീധരൻ ആരോപിച്ചു.
പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്. വെളിച്ചം വീണ ശേഷം വെടിക്കെട്ട് നടത്തിയതിനാല് പൂരപ്രേമികള് നിരാശയിലായിരുന്നു. പുലര്ച്ചെ മൂന്നരയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള് വൈകി നടന്നത്.
പൊലീസ് നിയന്ത്രണത്തില് പ്രതിഷേധിച്ചാണ് വെടിക്കെട്ട് നിര്ത്തിവെച്ചത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂരപറമ്പില് പൊലീസ് രാജെന്ന് ദേശക്കാര് ആരോപിച്ചു. ഒടുവില് മന്ത്രി കെ രാജന്, കളക്ടര് തുടങ്ങിയവരുടെ നേതൃത്വത്തില് സംഘാടകരുമായി നടന്ന ചര്ച്ചയിലാണ് പൂരം പുനഃരാരംഭിക്കാനും വെടിക്കെട്ട് നടത്താനും തീരുമാനിച്ചത്.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള് മുന്നേ റോഡ് അടച്ച് ബാരിക്കേഡുകള് സ്ഥാപിച്ചത് പൊലീസും ആളുകളും തമ്മിലുള്ള തര്ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പൊലീസ് കമ്മീഷണര് അങ്കിത് അശോകും ദേശക്കാരും തമ്മില് തര്ക്കമുണ്ടാവുകയായിരുന്നു. വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമെ ഉപയോഗിക്കാനാവൂ എന്ന നിര്ദേശവും കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പൊലീസ് അറിയിച്ചതും പ്രതിഷേധത്തിനിടയാക്കി.