നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ

'പാനൂർ ബോംബ് സ്ഫോടനത്തിൽ ആരുമായും പാർട്ടിക്ക് ബന്ധമില്ല'

dot image

വടകര: തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. നിപ വൈറസ് വന്നിട്ട് താൻ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവർ ചൂണ്ടിക്കാണിച്ചു. സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്. തൻ്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. സൈബർ ആക്രമണത്തിന് പിന്നിൽ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങൾക്ക് തന്നെയറിയാമെന്നും കെ കെ ശൈലജ പറഞ്ഞു.

അന്ന് താൻ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലർജിയായത് കൊണ്ട് തൊണ്ട പ്രശ്നമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഭരണഘടനയിൽ മതേതരത്വം സംരക്ഷിക്കപ്പെടണം. പൗരത്വം എല്ലാ മനുഷ്യർക്കും ഒരേ പോലെ അവകാശപ്പെട്ടതാണ്. സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കിട്ടണം. ഭരണ വിരുദ്ധ വികാരമില്ല. നികുതി വിഹിതം കേന്ദ്രം തരാത്തതാണ് പെൻഷനും ശമ്പളവും മുടങ്ങാൻ കാരണമായത്. ഇത് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണെന്ന് പറയുന്നത് തെറ്റാണ്. പാനൂർ ബോംബ് സ്ഫോടനത്തിൽ ആരുമായും പാർട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങൾ മാത്രം ചർച്ച ചെയ്യണം എന്നത് യുഡിഎഫിൻ്റെ നിർബന്ധ ബുദ്ധിയാണ്.

കോൺഗ്രസിന് ഇത്ര ആശയ ദാരിദ്ര്യമാണോയെന്നും കെ കെ ശൈലജ ചോദിച്ചു. വെറുതെയാണോ കോൺഗ്രസിനെ ആളുകൾ കൈവിടുന്നതെന്നും അവർ പരിഹസിച്ചു. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മാത്രമല്ല പ്രശ്നം. തൻ്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താൻ. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്ന് കെ കെ ശൈലജ പറഞ്ഞു.

കേരളത്തിലെ മൈനോറിറ്റി വിഭാഗത്തിന് നല്ല ധാരണയുണ്ട്. മതത്തെ പ്രീണിപ്പിക്കാനല്ല, സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അത് സംരക്ഷിക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ വിഭാഗത്തിൻ്റെയും വോട്ട് വേണം. ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ് എന്നായിരുന്നു കഴിഞ്ഞ തവണത്തെ മുദ്രാവാക്യം. എന്നാൽ കോൺഗ്രസ് തകർന്നു. കഴിഞ്ഞ തവണത്തെ സ്ഥിതി മെച്ചപ്പെടുത്താൻ അവർക്കാവില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

dot image
To advertise here,contact us
dot image