സൈബർ ആക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി

സിപിഐഎം എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.

dot image

കോഴിക്കോട്: വടകരയിലെ സൈബർ ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വിജയിച്ചതിൻ്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. പ്രധാനമന്ത്രി ഇടയ്ക്കിടെ ഇവിടെ വന്നിട്ട് ഒരു കാര്യവും നടക്കില്ല. പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്. മോദിക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല. ഏതെങ്കിലും മുഖ്യമന്ത്രി ജയിലിലാകണമെന്ന് താനോ സിപിഐഎമ്മോ ആഗ്രഹിക്കുന്നില്ല. മറ്റുള്ള പാർട്ടിയുടെ നേതാക്കൾ അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവില്ല. കേന്ദ്രത്തിനെതിരെയുള്ള വികാരം വോട്ടെടുപ്പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ദൂരദർശൻ ലോഗോയിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിയെ യെച്ചൂരി വിമർശിച്ചു. ഇന്ത്യൻ പതാകയുടെ നിറം മാറ്റാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു. ലോഗോയിൽ കാവിനിറം വരുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇന്നലെയാണ് ലോഗോ മാറ്റം പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ഓപ്പറേഷനെക്കുറിച്ചും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. മാവോയിസ്റ്റുകളെ തോക്ക് കൊണ്ടല്ല നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിഷയം ഒരു ക്രമസമാധാന പ്രശ്നമല്ല, രാഷ്ട്രീയ വിഷയമാണ്. മാവോയിസ്റ്റ് പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. ആ മേഖലയിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേരളത്തിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് കേരളത്തിലെ നേതാക്കളോട് ചോദിക്കൂ എന്നും യെച്ചൂരി പറഞ്ഞു.

സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണം: കെ കെ ശൈലജ
dot image
To advertise here,contact us
dot image