
തൃശൂര്: തൃശൂര് പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്ക്കാര് സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദന്. ഫിറ്റ്നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കില്ലെന്നും അത് അപ്രായോഗികമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംശയമുള്ള ആനകളെ മാത്രമെ പരിശോധിക്കൂ. അതിനായി വനം വകുപ്പ് പുറത്തിറക്കിയ സര്ക്കുലറിലെ12, 13 വ്യവസ്ഥകള് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങള് കോടതിയെ കൃത്യമായി ബോധിപ്പിക്കും. കോടതി ഇതുവരെ സ്വീകരിച്ചത് അനുഭാവപൂര്വമായ നിലപാട്. പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്ക്കാര് സ്വീകരിക്കില്ല. പൂരപ്രേമികള് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് ഡോക്ടര്മാരുടെ പരിശോധനയുണ്ടെങ്കില് ആനകളെ വിടില്ലെന്നായിരുന്നു എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. പ്രതിഷേധം തൃശ്ശൂര് പൂരത്തിന് അടക്കം ഭീഷണിയായി മാറിയതോടെയാണ് വനംവകുപ്പ് ഡോക്ടര്മാരുടെ റീ ഫിറ്റ്നെസ് പരിശോധന ഒഴിവാക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നത്. പ്രവര്ത്തനങ്ങളില് ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജനും പ്രതികരിച്ചിരുന്നു.