മാസപ്പടി വിവാദം; സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ തുടരുന്നു, വീണയെ വിളിച്ചു വരുത്താൻ ഇഡി നീക്കം

ഇന്നലെ രാത്രി മുഴുവനും ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്

dot image

കൊച്ചി: സിഎംആര്എല് മാസപ്പടി വിവാദത്തില് ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെയോടെയാണ് മൂന്ന് സിഎംആർഎൽ പ്രതിനിധികൾ ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങൾ പറഞ്ഞു അദ്ദേഹം ഹാജരായിരുന്നില്ല. സിഎംആര്എല് ചീഫ് ഫിനാൻസ് ഓഫീസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫീസർ എന്നിവരാണ് ഇന്നലെ ഹാജരായിരുന്നത്. എന്നാൽ സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മൊഴിയെടുക്കൽ നിർബന്ധമാണെന്ന നിലപാടിലാണ് ഇഡി. ഇഡി നോട്ടീസിനെതിരെ കർത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല.

സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്കിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.

ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാസപടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ട് വന്നിരുന്നു. ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ യുഡിഎഫും മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ചൂണ്ടി കാട്ടി രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാക്കേണ്ടന്ന നിലപാടിലാണ് സംസ്ഥാന സർക്കാറും സിപിഐഎമ്മും.

സിഎംആര്എല് മാസപ്പടി വിവാദം; വീണയെ ഉടന് ചോദ്യം ചെയ്യില്ല
dot image
To advertise here,contact us
dot image