കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 108 കോടി നിക്ഷേപകർക്ക് കൈമാറാമെന്ന് ഇഡി

ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്.

dot image

കരുവന്നൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി പിഎംഎൽഎ കോടതിയിലറിയിച്ചു. ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.

2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നത്. പതിറ്റാണ്ടുകളായി സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. മുന്നൂറ് കോടിയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തതും നിക്ഷേപം തിരിച്ചു കിട്ടാത്തതിനാൽ ചികിത്സ വൈകി വയോധികൻ മരണപ്പെട്ടതും വലിയ വിവാദങ്ങൾക്കിരയാക്കി. സിപിഐഎം ജില്ലാ നേതാക്കളടക്കം പ്രതിപ്പട്ടികയിലായത് കേരള സർക്കാരിനെയും പ്രതിരോധത്തിലാക്കി.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷവും കേന്ദ്രകക്ഷിയായ ബിജെപിയും മുഖ്യ വിഷയമായി കരുവന്നൂരിനെ ഉയർത്തി കൊണ്ട് വരുന്നതിനിടെയാണ് ഇഡിയുടെ പുതിയ നിലപാട്. എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാറും ബിജെപിയും ശ്രമിക്കുന്നത് എന്ന വാദത്തിലാണ് ഭരണപക്ഷവും സിപിഐഎമ്മും.

dot image
To advertise here,contact us
dot image