വിവാദ നാട്ടാന സർക്കുലർ; അപ്രായോഗിക നിർദ്ദേശം നീക്കം ചെയ്യണമെന്ന് കോടതിയെ ബോധ്യപ്പെടുത്തി; വനംമന്ത്രി

പൂരം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് പിന്മാറണം

dot image

കണ്ണൂർ: വിവാദ നാട്ടാന സർക്കുലറിലെ അപ്രായോഗിക നിർദ്ദേശം നീക്കം ചെയ്യണം എന്ന് കോടതിയെ ബോധ്യപ്പെടുത്തിയെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയും ആളുകളും തമ്മിൽ 50 മീറ്റർ അകലം വേണമെന്നതായിരുന്നു ഒരു അപ്രായോഗിക നിർദേശം. ഇത് 6 മീറ്റർ എന്നാക്കി മാറ്റിയെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ആനയെ ഒരു സംഘം ഡോക്ടർമാർ പരിശോധിക്കണം എന്നത് ഒരു ഡോക്ടർ പരിശോധിച്ചാൽ മതി എന്നാക്കി മാറ്റിയെന്നും മന്ത്രി അറിയിച്ചു. ഇതോടെ തൃശ്ശൂർ പൂരം ഭംഗിയായി നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൂരം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോടതിയിലെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ വിവാദമായ നാട്ടാന സര്ക്കുലര് വനംവകുപ്പ് തിരുത്തിയിരുന്നു. ആനയുടെ 50 മീറ്റര് ചുറ്റളവില് താളമേളങ്ങള് പാടില്ലെന്ന സർക്കുലറിലെ നിര്ദേശം പിന്വലിച്ചു. ആനകള്ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില് സുരക്ഷിതമായ അകലത്തില് ക്രമീകരിച്ചാല് മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്ക്കുലര് വനംവകുപ്പ് ഹൈക്കോടതിയില് സമര്പ്പിച്ചിരുന്നു.

ആനയെഴുന്നള്ളിപ്പിന് കുരുക്കിടുന്ന സര്ക്കുലര് വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര് അടുത്തുവരെ ആളുകള് നില്ക്കരുത്, അവയുടെ 50 മീറ്റര് ചുറ്റളവില് തീവെട്ടി, പടക്കങ്ങള്, താളമേളങ്ങള് എന്നിവ പാടില്ല തുടങ്ങിയ നിര്ദേശങ്ങളായിരുന്നു വനംവകുപ്പ് സര്ക്കുലറിലുണ്ടായിരുന്നത്. നാട്ടാനകളുടെ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില് സമര്പ്പിക്കണമെന്നും നിര്ദ്ദേശമുണ്ടായിരുന്നു. സര്ക്കുലര് പിന്വലിച്ചില്ലെങ്കില് തൃശൂര് പൂരത്തിന് ആനകളെ വിട്ടുനല്കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകളുടെ സംഘടന.

വിവാദ സര്ക്കുലര് തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് നേരത്തെ അറിയിച്ചിരുന്നു. കോടതി നിര്ദ്ദേശപ്രകാരം വേഗത്തില് തയ്യാറാക്കിയ സത്യവാങ്മൂലമാണ് നേരത്തെ സമർപ്പിച്ചത്. പുതുക്കിയ സത്യവാങ്മൂലം സമര്പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സര്ക്കുലറില് വിവിധ ദേവസ്വം ബോര്ഡുകള് ഉത്കണ്ഠ അറിയിച്ചിരുന്നു. ഉത്സവ പരിപാടികള് ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

dot image
To advertise here,contact us
dot image