
/topnews/kerala/2024/04/13/uma-thomas-on-survivors-reaction-about-actress-attack-case
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ ആശങ്കകൾ അകറ്റണമെന്ന് ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണമെന്നും ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്ണായക തെളിവായ മെമ്മറി കാര്ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില് പുറത്തുവന്ന അന്വേഷണ റിപ്പോര്ട്ടിലുള്ള അതിജീവിതയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഉമാ തോമസിന്റെ പോസ്റ്റ്.
പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില് ഇരുന്ന ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്ന് അതിജീവിത പ്രതികരിച്ചിരുന്നു. ഓരോ ഇന്ത്യന് പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത പ്രതികരിച്ചിരുന്നു.
സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ എന്നാണ് ഈ പ്രതികരണത്തോട് ചേർത്ത് ഉമാ തോമസ് ആവശ്യപ്പെടുന്നത്. ഒപ്പം നീതി സംരക്ഷിക്കാനുള്ള യാത്രയിൽ അന്തരിച്ച എംഎൽഎ പി ടി തോമസ് എങ്ങനെ ഒപ്പം നിന്നോ അതേ പോലെ താനും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തന്റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി.
നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും "അവൾക്കൊപ്പം" എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തിൽ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ
ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. കേരളം പകർന്നു നൽകിയ മനക്കരുത്തുമായി അവൾ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് വെളിച്ചമാകാൻ അവൾ ഇറങ്ങിത്തിരിക്കുമ്പോൾ പി ടിയുടെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കേസിലെ നിർണായക തെളിവായ മെമ്മറിക്കാർഡ് നിരവധി തവണ പലരാൽ, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കാർക്കും കഴിയില്ല. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു. തന്റെ സ്വകാര്യതയ്ക്ക് കോടതിയിൽപ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേൽക്കോടതിയുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാൻ ഇനി വൈകിക്കൂടാ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ...
നീതി സംരക്ഷിക്കാനുള്ള യാത്രയിൽ പി ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്.
'അന്യായം, ഞെട്ടിക്കുന്നത്'; മെമ്മറി കാര്ഡ് അന്വേഷണ റിപ്പോര്ട്ടില് അതിജീവിതയുടെ ആദ്യ പ്രതികരണം