
കൊച്ചി: ഒരു വ്യവസ്ഥ അടിമുടി സ്ത്രീ വിരുദ്ധമായതിൻ്റെ ദുരന്തമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് ചോർത്തിയ വിഷയത്തിൽ അതിജീവിതക്ക് ആവർത്തിച്ച് കോടതിയെ സമീപിക്കേണ്ടി വരുന്നതെന്ന് വിമർശിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. ഏറ്റവും ഭദ്രം എന്ന് കരുതി കോടതിയെ വിശ്വസിച്ച് ഏൽപ്പിച്ച മെമ്മറി കാർഡിൻ്റെ അകത്തേക്ക് വോയറിസ്റ്റിക് ആയ കണ്ണുകൾക്ക് ഒളിഞ്ഞു നോക്കാനായെങ്കിൽ അത് ഈ വ്യവസ്ഥയുടെ പരാജയമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ദീദി ദാമോദരൻ വ്യക്തമാക്കി. അതിൽ പങ്കാളികളായവർ ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ അത് നമ്മുടെ തന്നെ പരാജയമാണെന്നും ദീദി ചൂണ്ടിക്കാണിച്ചു. അതിനു തടയിടുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നത് പേടിപ്പെടുത്തേണ്ട കാര്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്ണായക തെളിവായ മെമ്മറി കാര്ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നേരത്തെ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവർ ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലെ വിവരങ്ങളാണ് റിപ്പോർട്ടർ ടി വി പുറത്ത് വിട്ടത്.
അന്വേഷണ റിപ്പോര്ട്ടില് പ്രതികരണവുമായി നേരത്തെ അതിജീവിതയും രംഗത്തെത്തിയിരുന്നു. അന്വേഷണ റിപ്പോര്ട്ട് ഞെട്ടിക്കുന്നതാണെന്നായിരുന്നു അതിജീവിത സമൂഹമാധ്യമത്തില് പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചത്.
ഇത് അന്യായവും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവിത പ്രതികരിച്ചിരുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില് ഇരുന്ന ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന് പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത ചൂണ്ടിക്കാണിച്ചിരുന്നു.