
പാലക്കാട് മലമ്പുഴ കോട്ടേക്കാട് കാട്ടാനയ്ക്ക് പരിക്കേറ്റ സംഭവത്തില് വനം വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വാളയാര് റേഞ്ച് ഓഫീസര്ക്കാണ് അന്വേഷണ ചുമതല. കൊട്ടേക്കാട് റെയില്വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
വലതുകാലിന് സാരമായി പരിക്കേറ്റ കാട്ടാനയുടെ ഇടതുകാലിലും ഇടുപ്പിനും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തില് ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്.
ആനയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എഴുന്നേല്ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആനയുടെ ആന്തരിക അവയവങ്ങളുടെ പരിക്ക് സാരമുള്ളത്. കാലിന്റെ കുഴ തെറ്റിയതാകാം എഴുന്നേല്ക്കാന് സാധിക്കാത്തതെന്ന് ഡോക്ടര്മാര് പറഞ്ഞു.
ഇതോടെ ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന് കഴിയാത്ത സ്ഥിതിയാണ. ഇപ്പോള് വനത്തില് താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. വിദഗ്ദ ചികിത്സ നല്കി വരുകയാണെന്നും ചീഫ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാം അറിയിച്ചു.