
കോട്ടയം: സ്ഥാനാര്ഥിയെ സ്വീകരിക്കാന് തൊഴിലുറപ്പ് തൊഴിലാളികള് എത്തണമെന്ന വാട്സ് ആപ്പ് സന്ദേശം വിവാദമായി. കോട്ടയം മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി തോമസ് ചാഴിക്കാടനെ സ്വീകരിക്കാന് തൊഴിലാളികള് എത്തണമെന്ന സന്ദേശമാണ് വിവാദമായത്. ഇതോടെ തൊഴിലാളികള് കൃത്യ സമയത്ത് ജോലിക്കെത്തി. കോട്ടയം ലോക്സഭ മണ്ഡലത്തിലെ വിജയപുരം പഞ്ചായത്ത് ഒമ്പതാം വാര്ഡില് തൊഴിലാളികള്ക്ക് മേറ്റിന്റെ പേരിലാണ് വാട്സ് ആപ്പ് സന്ദേശമെത്തിയത്.
പഞ്ചായത്ത് സിപിഐഎം വാര്ഡംഗം പി ടി ബിജു നിര്ദ്ദേശിച്ചത് പ്രകാരമാണ് താന് സന്ദേശം അയച്ചതെന്ന് മേറ്റ് പറഞ്ഞു. എന്നാല്, താന് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബിജു പ്രതികരിച്ചു. സൈറ്റില് എത്തിയാല് ഫോട്ടോയെടുത്താല് മതിയെന്നും ഉടന് സ്ഥാനാര്ഥിയുടെ സ്വീകരണത്തിന് പോകണമെന്നുമായിരുന്നു തൊഴിലാളികള്ക്കുള്ള നിര്ദ്ദേശം.
സന്ദേശം ചോര്ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമന് തിരഞ്ഞെടുപ്പ് വിഭാഗത്തിന് പരാതി നല്കി. പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. എന്നാല്, വ്യാഴാഴ്ച ഉച്ചക്കാണ് സ്ഥാനാര്ഥിക്ക് സ്വീകരണം നല്കാന് പറഞ്ഞത്. തൊഴിലാളികളെ വിളിക്കാന് ആലോചിട്ടില്ലെന്നും ബിജു പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗവും തൊഴിലുറപ്പ് അധികൃതരും തൊഴില് സ്ഥലത്തെത്തി പരിശോധന നടത്തി. തിരഞ്ഞെടുപ്പ് വിഭാഗം ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.