
May 19, 2025
08:20 AM
കണ്ണൂർ : പാനൂർ സ്ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബോംബ് നിർമാണം സിപിഐഎം നേതാക്കളുടെ അറിവോടെയെന്നെന്നും നിസാര വകുപ്പുകൾ ചേർത്താണ് നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ളത് എന്നുമുള്ള ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഷാഫി ഉന്നയിച്ചു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ പാനൂർ ബോംബ് സ്ഫോടനം എൽഡിഎഫിനെതിരെ ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാക്കി ഷാഫി മാറ്റിയിരുന്നു. ടിപി ചന്ദ്രശേഖർ വധക്കേസ് പ്രധാന വിഷയമാകുന്ന വടകരയിൽ ടിപിയുടെ ഭാര്യയും എംഎൽഎയുമായ രമയെ മുന്നിൽ നിർത്തി സമാധാന റാലിയും ഷാഫി സംഘടിപ്പിച്ചിരുന്നു. യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത വാക്ക്പോരിന് വഴി തുറന്ന പാനൂർ സ്ഫോടന കേസിൽ പ്രസ്താവനകളുമായി ഇരുമുന്നണിയിലെയും നേതാക്കൾ രംഗത്തെത്തിയിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ പാർട്ടി പങ്കിനെ തള്ളി പറഞ്ഞ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് പക്ഷെ തുടർന്നുള്ള ദിവസം കൂടുതൽ പ്രതിരോധത്തിലേക്ക് വീഴേണ്ടി വന്നു. സംഭവത്തിൽ മരണപ്പെട്ട പ്രതിയുടെ സംസ്കാര ചടങ്ങിന് പ്രാദേശിക നേത്രത്വമെത്തിയതും വിവാദമായി. തുടർന്ന് മുഖ്യപ്രതിയായി ഡിവൈഎഫ്ഐ നേതാവിനെ അടക്കം അറസ്റ്റ് ചെയ്തത് പ്രതിപക്ഷ കക്ഷികൾ ചൂണ്ടികാട്ടി ഭരണകക്ഷിയെ പ്രതിരോധത്തിലാക്കി.
ഏപ്രിൽ 5 വെള്ളിയാഴ്ച പുലര്ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്ഫോടനം. പാനൂര് കൈവേലിക്കല് മുളിയാത്തോട് നിര്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില് നിന്ന് ബോംബ് നിര്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളുടെ ഇരു കൈപ്പത്തികളും അറ്റ് പോവുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.