
May 23, 2025
05:18 AM
തിരുവനന്തപുരം: ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസര് അനില് ശങ്കര് വ്യാജരേഖചമച്ച് സ്ഥാനക്കയറ്റം നേടിയതില് ജോയിന്റ് കമ്മീഷണറുടെ റിപ്പോര്ട്ടും നടപടി ഇല്ലാതെ പൂഴ്ത്തിയതിന്റെ തെളിവുകള് റിപ്പോര്ട്ടറിന്. സ്ഥാനക്കയറ്റം നേടിയതിന് തെളിവ് ഹാജരാക്കാതിരുന്നിട്ടും ഉദ്യോഗസ്ഥനെതിരെ ക്രിമിനല് നടപടി സ്വീകരിച്ചില്ല. നേരത്തെ ഡപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്ട്ടില് നടപടി എടുക്കാതിരുന്നത് റിപ്പോര്ട്ടര് വാര്ത്തയാക്കിയിരുന്നു. വകുപ്പ് തല നടപടി മാത്രം ശുപാര്ശ ചെയ്യാന് കഴിയുന്ന അന്വേഷണം മാത്രമാണ് ഇപ്പോള് നടക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ നികുതി വകുപ്പില് എല്ഡി ക്ലാര്ക്കായി ജോലിയില് പ്രവേശിച്ച അനില് ശങ്കറിന് സ്ഥാനക്കയറ്റം കിട്ടാന് വകുപ്പ് തല പരീക്ഷകള് പാസ്സാകണമായിരുന്നു. ഇതില് രണ്ടെണ്ണം പാസ്സായതിന് തെളിവില്ല. ഹാജരാക്കിയ ബികോം ബിരുദ സര്ട്ടിഫിക്കറ്റ് വ്യാജമാണെന്ന് യൂണിവേഴ്സിറ്റി തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ എന്നിട്ടും അനില് ശങ്കര് യുഡി ക്ലാര്ക്കും ഇന്സ്പെക്ടറും കഴിഞ്ഞ് സ്റ്റേറ്റ് ടാക്സ് ഓഫീസറായി നികുതി നിര്ണയവും തുടങ്ങി. സ്ഥാനക്കയറ്റം വ്യാജമായി നേടിയതാണെന്ന പരാതി എത്തിയതോടെ ഡെപ്യട്ടി കമ്മീഷണര് വിശദമായി സംഭവം അന്വേഷിച്ചു. സ്ഥാനക്കയറ്റം നേടാനുള്ള രേഖകള് ഹാജരാക്കിയില്ലെന്ന് റിപ്പോര്ട്ടും കൊടുത്തിരുന്നു. എന്നാല് ഇതിന്മേല് നടപടിയെടുക്കാതെ പൂഴ്ത്തുകയായിരുന്നു.
വീണ്ടും നടത്തിയ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിലും കണ്ടെത്തല് അനില് ശങ്കറിന് എതിരായിരുന്നു. പിന്നീട് ജിഎസ്ടി കമ്മീഷണര് നേരിട്ട് ചാര്ജ് മെമ്മോ തന്നെ കൊടുത്തു. പക്ഷേ എന്നിട്ടും അനില് ശങ്കറിന് ഹാജരാക്കാന് രേഖകളുണ്ടായില്ല. ഇത്രയൊക്കെ ആയിട്ടും അനില് ശങ്കറിനെതിരെ വ്യാജരേഖ ചമച്ചതിന് ക്രിമിനല് കേസ് പോലും ഇതുവരെ രജിസ്റ്റര് ചെയ്തില്ല. പകരം വെറും വകുപ്പ് തല അച്ചടക്ക നടപടി മാത്രം എടുത്ത് അനില് ശങ്കറിനെ രക്ഷിക്കാനുള്ള നീക്കമാണ് അണിയറയില് നടക്കുന്നത്. ഒരു മാസത്തിനകം പൂര്ത്തിയാക്കണമെന്നായിരുന്നു നിര്ദേശമെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്ട്ട് സമര്പ്പിക്കുകയോ നടപിടയെടുക്കുകയോ ഉണ്ടായിട്ടില്ല. അനില് ശങ്കര് യഥേഷ്ടം ഉന്നത പദവിയില് തുടരുകയാണിപ്പോഴും.
ഒരു വര്ഷം കഴിഞ്ഞ് 2025 മെയ് 31ന് അനില് ശങ്കര് വിരമിക്കും. അതുവരെ ഈ അന്വേഷണം ഇങ്ങനെ നീണ്ടുപോകുമെന്നാണ് വ്യക്തമാകുന്നത്. കോണ്ഗ്രസ് അനുകൂല സംഘടനയില് നിന്ന് ഭരണാനുകൂല സംഘടനയിലെത്തിയ അനില് ശങ്കറിനെ സംരക്ഷിക്കുകയാണ് സര്ക്കാരും സംവിധാനങ്ങളുമെന്നാണ് വിമര്ശനം.