
കോഴിക്കോട്: ഡിവൈഎഫ്ഐ ബോംബ് നിര്മാണ ഫാക്ടറിയാണോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് യൂത്ത്കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന എം വി ഗോവിന്ദന്റെ മറുപടിയെ രാഹുല് പരിഹസിച്ചു. സ്ഫോടന കേസില് പുറത്തുവരുന്ന വിവരങ്ങള് ആശങ്കപ്പെടുത്തുന്നതാണ്. ഡിവൈഎഫ്ഐ നേരത്തെ ആക്രി പെറുക്കിയിരുന്നു. ഇതില് നിന്നും ലഭിച്ച കുപ്പിച്ചില്ലും ആണിയും ഉപയോഗിച്ചാണോ ബോംബ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണം.
യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്മാണം. വടകരയിലെ പരാജയ ഭീതിയാണ് ഇതിന് കാരണം. ബോംബ് സ്ഫോടനം നടന്നപ്പോള് രക്ഷാപ്രവര്ത്തനം നടത്തിയവരെയാണ് പ്രതി ചേര്ത്തതെന്നാണ് പിണറായി പറഞ്ഞത്. നിരപരാധികളെ പ്രതിചേര്ക്കാന് മാത്രം കഴിവുകെട്ടവരാണോ പിണറായിയുടെ പൊലീസെന്നും രാഹുല് ചോദിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നാട്ടില് നടന്ന ബോംബ് നിര്മാണത്തില് മറുപടി പറയേണ്ട ബാധ്യത സംഘടനയുടെ സെക്രട്ടറിക്കുണ്ട്. ബോംബ് നിര്മ്മാണത്തില് മരിച്ചവരും നാളെ രക്തസാക്ഷി പട്ടികയില് വരും.
സംഭവത്തില് യുഎപിഎ ചുമത്തണം. എന്ഐഎ അന്വേഷിക്കണം. ബോംബ് നിര്മ്മാണം നടന്ന സ്ഥലത്ത് പൊലീസ് എത്താന് വൈകി. അമല് ബാബു കോണ്ഗ്രസ് ഓഫീസ് അക്രമിച്ച വ്യക്തിയും ടി പി വധക്കസ് പ്രതി ജ്യോതി ബാബുവിന്റെ ബന്ധുവുമാണ്. പൊലീസ് അന്വേഷിച്ചാല് സത്യം പുറത്തുവരില്ല. ഡിവൈഎഫ്ഐ തള്ളിപ്പറിഞ്ഞാലും പിണറായിയും എം വി ഗോവിന്ദനും ബോംബ് നിര്മാണത്തെ തള്ളിപ്പറയില്ല. തിരഞ്ഞെടുപ്പില് ജയിക്കാം, തോല്ക്കാം, പക്ഷെ ആളെ കൊല്ലുന്ന പണി സിപിഐഎം നിര്ത്തണം. തിരഞ്ഞെടുപ്പില് മത്സരിക്കുന്ന ഏക തീവ്രവാദ സംഘടനയാണ് സിപിഐഎമ്മെന്നും രാഹുല് കുറ്റപ്പെടുത്തി.
സിപിഐഎം സംഘടനയെ തള്ളിപ്പറഞ്ഞ സാഹചര്യത്തില് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ലോക്സഭ തിരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. ബോംബ് നിര്മ്മാണ ഫാക്ടറി പൂട്ടാന് സിപിഐഎം തയ്യാറെടുക്കണം. ടി പി ചന്ദ്രശേഖരനെ കൊന്ന സമയത്തും ഇത്തരം പല ന്യായീകരണങ്ങളും പാര്ട്ടി നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊട്ടിക്കാന് വെച്ച ബോംബ് നേരത്തെ പൊട്ടി പോയി. അല്ലാതെ ക്വാളിറ്റി ടെസ്റ്റിനിടെ പൊട്ടിയതല്ലെന്നും ഫിറോസ് പറഞ്ഞു.