
കോഴിക്കോട്: രണ്ട് പതിറ്റാണ്ട് മുമ്പ് ആറാം വയസ്സിൽ സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട പൂനത്തിന്ററെ ജീവിതം സിനിമയെ വെല്ലുന്ന വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കടന്നുപോയ ദുരിത ജീവിതങ്ങൾക്കൊടിവിൽ പൂനം ഇപ്പോൾ ഏറെ സന്തോഷവതിയാണ്. 20 കൊല്ലം മുമ്പ് കൈവിട്ടുപോയ തന്റെ കുടുംബത്തെ അവൾ കണ്ടെത്തിയിരിക്കുന്നു. അവരുടെ ശബ്ദം കേട്ടിരിക്കുന്നു. വരും ദിവസങ്ങളിൽ അവർക്ക് പരസ്പരം കാണാം.
ആറാം വയസ് വരെ ഉത്തർപ്രദേശിലെ തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു പൂനം. ഒരിക്കൽ ട്രെയിനിൽ കളിച്ചുകൊണ്ടിരിക്കെ ആ ട്രെയിൻ വിട്ടുപോയതോടെയാണ് അവളുടെ ജീവിതം ആകെ മാറിയത്. പിന്നീട് എവിടെയൊക്കെയോ എത്തിപ്പെട്ടു. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടു. പലയിടങ്ങളിലായി മാറിക്കയറി ഒടുവിൽ 2004 ൽ കോഴിക്കോട്ടെത്തി.
അവിടെ നിന്ന് പൂനത്തിന് മറ്റൊരു ജീവിതം ലഭിക്കുകയായിരുന്നു. ആരുമില്ലാതെ ഒറ്റയ്ക്ക് ആലഞ്ഞുതിരിഞ്ഞ ആ കുഞ്ഞിനെ ഒരു പൊലീസുകാരൻ സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട്ടെ ജുവനൈൽ ഹോമിൽ എത്തിച്ചു. ജുവനൈൽ ഹോമിൽ വളർന്ന ആ കുട്ടി, പതിയെ തന്റെ ജീവിതം തിരിച്ച് പിടിച്ചു തുടങ്ങി. മിടുക്കിയായി പഠിച്ചു. പത്താം ക്ലാസ് പാസ്സായി. ഐടിഐ പാസ്സായി. വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ജോലിയും കിട്ടി.
വാട്ടർ അതോറിറ്റിയിൽ നിന്ന് മിനി എന്ന ജീവനക്കാരിയെ സുഹൃത്തായി കിട്ടിയത് ജീവിതത്തിൽ വീണ്ടും വഴിത്തിരിവായി. അച്ഛനെയും അമ്മയെയും കാണണമെന്ന് ആഗ്രഹം പ്രകടപ്പിച്ച പൂനത്തിന് മിനി സഹായമായി. മിനിയും ഭർത്താവും നടത്തിയ ഉത്തരേന്ത്യൻ സന്ദർശനത്തിനിടെ ഇരുവരും ഏറെ പരിശ്രമിച്ച് ഒടുവിൽ പൂനത്തിന്റെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു.
തന്റെ വീടിനെ കുറിച്ച് ഒരു ആറ് വയസ്സുകാരിക്കുള്ള ഓർമ്മകളിൽ നിന്നാണ് മിനിയും ഭർത്താവും തിരച്ചിലാരംഭിച്ചത്. ആറ് വയസ്സുകാരിയുടെ ഫോട്ടോയും ആ ഓർമ്മകളിൽ നിന്ന് അവൾ പറഞ്ഞ ചിത്രങ്ങളുമായി നടത്തിയ തിരച്ചിൽ ഒടുവിൽ വിജയിച്ചു. പൂനത്തെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. അവളുടെ യുപിയിലെ വീട്ടിൽ വച്ച് മിനി പൂനത്തെ വിളിച്ചു. 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട ഇനി ഒരിക്കലും കണ്ടെത്തുമെന്ന് ഉറപ്പില്ലാതിരുന്ന അച്ഛനമ്മമാരെ അവൾ കണ്ടു. കണ്ണ് നിറഞ്ഞൊഴുകി. ആ ഫോൺ വന്നപ്പോൾ താൻ അമ്പലത്തിലായിരുന്നുവെന്നാണ് പൂനം റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ഇനി അടുത്ത ദിവസം തന്നെ പൂനം ഉത്തർപ്രദേശിലെ വീട്ടിലേക്ക് പോകും.