
/topnews/kerala/2024/04/06/the-government-has-appointed-pb-anitha-to-kozhikode-medical-college
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരമിക്കൽ മൂലമുണ്ടായ ഒഴിവിൽ പി ബി അനിതയെ നിയമിക്കുന്നുവെന്നാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അനിതയ്ക്ക് നിയമനം നൽകാത്തത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ സംഘടനകളും വിഷയം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടി.
. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായായിരിക്കും ഹെഡ് നഴ്സിനെ എവിടെ നിയമിക്കണം എന്നുള്ളതിൽ തീരുമാനമെടുക്കുകയെന്ന് നേരത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചിരുന്നു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഫയൽ ഇന്നാണ് ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഫയലിൻമേലുള്ള തീരുമാനം എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആർക്ക് വേണമെങ്കിലും വിവരാവകാശ നിയമപ്രകാരം ഫയൽ എടുത്ത് പരിശോധിക്കാം. ഏത് സമയത്ത് ഫയൽ വന്നു, അതിൽ എന്തൊക്കെയാണുള്ളത്, എന്നതടക്കം ആർക്കും പരിശോധിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട ഫയലാണ് തനിക്ക് വന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
കോടതി വിധിക്കെതിരെയല്ല അപ്പീൽ നൽകിയിരിക്കുന്നതെന്നും ചില കാര്യങ്ങൾ കൂടി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് റിവ്യൂപെറ്റീഷൻ നൽകിയതെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കോടതിയുടെ അന്തിമവിധിക്ക് വിധേയമായി നടപടികൾ സ്വീകരിക്കും. സർക്കാരിലേക്ക് ഇന്ന് വന്ന ഫയൽ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ളതാണ്. ഡയറക്ടറുടെ ശുപാർശ സഹിതം ആണ് ഫയൽ വന്നിട്ടുള്ളത്. അനിതയ്ക്ക് നിയമനം നൽകില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അന്തിമ കോടതി വിധിക്ക് വിധേയമായി നിയമനം നൽകുമെന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.