
വടകര: കെ കെ ശൈലജയേക്കാള് വലിയ ബ്രാന്ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന് വടകരയില് പോരിനിറങ്ങുന്നതെന്ന് ഷാഫി പറമ്പില്. റിപ്പാര്ട്ടര് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്ശം. വടകരയില് ആശങ്കയില്ല. രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണിവിടെ. മുസ്ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില് ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിന് പങ്കുണ്ട്.
തനിക്ക് നല്കിയ സ്വീകരണ റോഡ് ഷോയില് ലീഗിന്റെ പച്ചക്കൊടിക്കെതിരെ സോഷ്യല്മീഡിയയില് വിമര്ശനമുയര്ന്നിരുന്നു. 'റെഡ് ബോയ്സ്' എന്ന ഫേസ്ബുക്ക് പേജില് ഷാഫി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്ത്തിയായിരുന്നു പരിഹാസം. പിന്നീട് ബിജെപി അനുഭാവികളടക്കം ഇതു പ്രചരിപ്പിച്ചു. ലീഗിന്റെ കൊടിയിലെ ഹരിത സ്വഭാവത്തിന് വര്ഗീയ സ്വഭാവമില്ല. മതേതരത്വത്തിന്റെ പകിട്ടായ നിറമായാണ് ലീഗ് പച്ചക്കൊടിയെ കൊണ്ടു നടക്കുന്നത്.
സിപിഐഎം ഇപ്പോഴും ബോംബ് രാഷ്ട്രീയം പിന്തുടരുകയാണ്. തിരഞ്ഞെടുപ്പില് എന്തിനാണ് ബോംബ്. വടകരയിലെ ചുവപ്പിന്റെയും ഇടതിന്റെയും സ്വഭാവം മാറുന്നത് സിപിഐഎം അറിയുന്നില്ല. വടകരയിലെ ഇടതു സ്വഭാവം എനിക്ക് സഹായകമാകും. യഥാര്ഥ കമ്മ്യൂണിസ്റ്റുകാര് എനിക്ക് വോട്ടുചെയ്യും. സിപിഐഎം രക്തസാക്ഷികളോട് ബഹുമാന കുറവില്ല. തിരഞ്ഞെടുപ്പിനെന്തിനാ ബോംബ് ഉണ്ടാക്കുന്നത്. അക്രമ രാഷ്ട്രിയത്തിനെതിരെ വിധിയെഴുത്താകും വടകരയിലെ തിരഞ്ഞെടുപ്പ് ഫലം.
അക്രമ രാഷ്ട്രീയത്തില് സിപിഐഎം തിരുത്തലിന് തയ്യറാകുന്നില്ല. ക്ഷേമപ്രവര്ത്തനങ്ങളും ക്ഷേമപെന്ഷനും മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. സര്ക്കാറിന് ഇപ്പോള് ഇടതു സ്വഭാവമില്ല.പാലക്കാടിനോട് വലിയ ആത്മബന്ധമാണ്. ജനങ്ങളാണ് വലുത് പദവികളല്ലെന്നും ഷാഫി അഭിമുഖത്തില് പറഞ്ഞു.