
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ കസ്റ്റഡിയിൽ എടുത്ത സായൂജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന് ശ്രമിച്ച സായൂജിനെ പാലക്കാട് വെച്ചാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ നാല് പേർ അറസ്റ്റിലായി. സ്ഫോടനം നടക്കുമ്പോള് സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്, ചെറുപറമ്പ് സ്വദേശി ഷിബിന് ലാല്, സായുജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.
പാനൂർ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. ബോംബ് നിർമാണ കേന്ദ്രങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും പൊലീസ് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മുമ്പ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും നിർദേശമുണ്ട്. ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.
പാനൂരില് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില് കൂടുതല് ബോംബുകള് പിടികൂടിയിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന വീട്ടുപരിസരത്തു നിന്ന ഏഴ് ബോംബുകള് കൂടി കണ്ടെടുത്തത്.
പാനൂരില് നിര്മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള് മരണപ്പെട്ടത്. സംഭവത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന് ബോംബുകളും നിര്വീര്യമാക്കിയതായി കണ്ണൂര് സിറ്റി പൊലീസ് കമീഷണര് അജിത്ത് കുമാര് പറഞ്ഞു. വെള്ളിയാഴ്ച പുലര്ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്ഫോടനം. പാനൂര് കൈവേലിക്കല് മുളിയാത്തോട് നിര്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില് നിന്ന് ബോംബ് നിര്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.