ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസറുടേത് അനധികൃത സ്ഥാനക്കയറ്റം തന്നെ; വ്യാജ രേഖകൾക്ക് കൂടുതൽ തെളിവുകൾ

ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് ശങ്കർ തന്നെ സർവീസ് ബുക്കിൽ എഴുതിച്ചേർത്തെന്നാണ് ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ സർക്കാരിലേക്ക് കഴിഞ്ഞ മാസം കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. പ്രൊമോഷൻ നേടുന്ന കാലയളവിൽ സർവീസ് ബുക്ക് കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലാണ് അനിൽ ശങ്കർ ജോലി ചെയ്തിരുന്നത്.

dot image

തിരുവനന്തപുരം: ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ അനിൽ ശങ്കർ വ്യാജരേഖ ചമച്ചാണ് സ്ഥാനക്കയറ്റം നേടിയത് എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് ശങ്കർ തന്നെ സർവീസ് ബുക്കിൽ എഴുതിച്ചേർത്തെന്നാണ് ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ സർക്കാരിലേക്ക് കഴിഞ്ഞ മാസം കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. പ്രൊമോഷൻ നേടുന്ന കാലയളവിൽ സർവീസ് ബുക്ക് കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലാണ് അനിൽ ശങ്കർ ജോലി ചെയ്തിരുന്നത്.

വകുപ്പ് തല പരീക്ഷ പാസ്സായതിൻ്റെയും ബികോം ബിരുദമുള്ളതിൻ്റെയും ആധികാരിക രേഖകൾ ഇതുവരെ സർക്കാരിന് മുന്നിൽ ഹാജരാക്കാൻ അനിൽ ശങ്കറിന് കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ജോലിയിൽ സ്ഥാനക്കയറ്റം നേടാനുള്ള യോഗ്യത ഉണ്ട് എന്ന് തെളിയിക്കാൻ അനിൽ ശങ്കറിന് കഴിയുന്നില്ല എന്ന് കാണിച്ച് റിപ്പോർട്ട് നൽകിയത്. രണ്ടരവർഷം മുമ്പ് കൊടുത്ത ഈ റിപ്പോർട്ട് പൂഴ്ത്തി. റിപ്പോർട്ടറാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.

എങ്ങനെയാണ് മതിയായ യോഗ്യതയില്ലാത്ത അനിൽ ശങ്കർ എൽഡി ക്ലാർക്കിൽ നിന്ന് സ്റ്റേറ്റ് ടാക്സ് ഓഫീസർ വരെ ആയി എന്ന് നമുക്ക് പരിശോധിക്കാം. നികുതി വകുപ്പിൽ എൽഡി ക്ലർക്കായി കയറിയ അനിൽ ശങ്കറിന് യുഡി ക്ലർക്കാവണമെങ്കിൽ പിഎസ് സി നടത്തുന്ന അക്കൗണ്ട് ടെസ്റ്റ് ലോവറ് കൂടാതെ ഡിപാർട്ട്മെൻ്റിൻ്റെ മറ്റ് രണ്ട് പരീക്ഷകളും പാസ്സാവണം. അനിൽ ശങ്കർ കേരളാ ജനറൽ സെയിൽ ടാക്സ് പരീക്ഷ പാസ്സാവാതെ ഇതും പാസ്സായതായി സർവീസ് ബുക്കിൽ എഴുതി ചേർത്തതോടെ യുഡി ക്ലർക്കായി പ്രൊമോഷൻ കിട്ടി. 2009 ൽ ഹെഡ് ക്ലാർക്കായി എസ്റ്റാബ്ലിഷ്മെൻ്റ് ചുമതലയിൽ എറണാകുളം തേർഡ് സർക്കിളിൽ ജോലി ചെയ്യുന്ന സമയത്താണ് അടുത്ത അട്ടിമറി നടന്നത്.

ജോലി സർവീസ് ബുക്ക് കൈകാര്യം ചെയ്യേണ്ട വിഭാഗത്തിൽ തന്നെ ആയതോടെ കാര്യങ്ങൾ എളുപ്പമായി. ഇതോടെ സ്വന്തം സേവന പുസ്തകത്തിൽ ബികോം പാസ്സായെന്ന് എഴുതിച്ചേർത്ത് പ്രൊമോഷൻ വാങ്ങി ഇൻസ്പെക്ടറായി. 2020 ൽ പരാതി ഉയർന്നതോടെ അന്വേഷണമായി. സേവന പുസ്തകത്തിലെ പ്രൊമേഷൻ നേടിയ യോഗ്യതകൾ പരിശോധിച്ചു. ബികോം ബിരുദവും കേരളാ ജനറൽ സെയിൽ ടാക്സും പാസ്സായില്ലെന്ന് കണ്ടെത്തി. പിഎസ് സി നടത്തുന്ന പരീക്ഷയുടെയെല്ലാം ഗസറ്റ് വിജ്ഞാപനത്തിൽ പേരും, പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പറും, പാസ്സായ വിഷയവുമടക്കം പ്രസിദ്ധീകരിക്കും. ആ ഗസറ്റ് നോക്കിയാണ് അനിൽ ശങ്കർ ജയിച്ച മറ്റ് പരീക്ഷകളുടെ ആധികാരികത ഉറപ്പ് വരുത്തിയതും ഒരു പരീക്ഷ ജയിച്ച വിവരം ഇല്ലെന്ന് കണ്ടെത്തിയതും. ജനറൽ സെയിൽ ടാക്സ് അല്ലെങ്കിൽ ബുക്ക് കീപ്പിംഗ് അക്കൗണ്ടൻസി അല്ലെങ്കിൽ ബികോം ബിരുദം, ഈ മൂന്നെണ്ണത്തിൽ ഒന്നും തെളിയിക്കാനാവാത്തതോടെയാണ് അനിൽ ശങ്കറിനെതിരായ റിപ്പോർട്ട് കൈമാറിയതും വർഷങ്ങൾക്കിപ്പുറവും നടപടിയെടുക്കാതെ ഫയൽ പൂഴ്ത്തിവച്ചിരിക്കുന്നതും.

പരാതി വന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സംഭവം പിടിക്കപ്പെട്ടത്. ഇങ്ങനെ എത്രയെത്ര പേരുണ്ടാവും സർക്കാർ സർവീസിൽ അനധികൃതമായി തുടരുന്നവർ. എല്ലാ തെളിവുകളോടെ റിപ്പോർട്ട് കൊടുത്തിട്ടും സർക്കാർ ഇവരെ സംരക്ഷിക്കുന്നു എന്നതാണ് ഏറെ ഗൗരവമുള്ള കാര്യം.

dot image
To advertise here,contact us
dot image