
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി ഓണത്തോടെ പ്രവർത്തന സജ്ജമാകും. മലയാളികൾക്കുള്ള ഓണസമ്മാനമായിരിക്കും പോർട്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ട്രയൽ റൺ മെയ് മാസത്തില് ആരംഭിക്കും. വലിയ ബാർജുകൾ എത്തിച്ചായിരിക്കും ട്രയൽ റൺ ആരംഭിക്കുക.
2959 മീറ്ററാണ് തുറമുഖത്തിന്റെ പ്രധാന ബ്രേക്ക് വാട്ടറിന്റെ ആകെ നീളം. ഇതിന്റെ 90 ശതമാനം പണിയും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 800 മീറ്റർ ബർത്തിലെ 650 മീറ്ററും പണി പൂർത്തിയായിട്ടുണ്ട്. തുറമുഖത്ത് ആവശ്യമായ യാർഡ് ക്രെയിനുകളും ഷിപ്പ് ടു ഷോർ ക്രെയിനുകളും ഏപ്രില് ആകുമ്പോഴേക്ക് പൂർണ്ണമായും എത്തും. നിലവിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം നടക്കുന്നുണ്ട്. 1.7 കിലോമീറ്റർ ദൂരമാണ് റോഡ് നിർമ്മിക്കുന്നത്.
രണ്ട് സബ്സ്റ്റേഷനുകളുടെ നിർമ്മാണം നേരത്തേ പൂർത്തിയായിരുന്നു. ഇനി നിർമ്മിക്കാനുള്ളത് കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കി വെക്കാനായുള്ള 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ്. ഇതിന്റെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. അഗ്നിരക്ഷാ സംവിധനങ്ങളുടെ സജ്ജീകരണം പുരോഗമിക്കുകയാണ്.