
കൊച്ചി: മൂവാറ്റുപുഴ ജനറല് ആശുപത്രിയില് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം പ്രണയപ്പകയെന്ന് സൂചന. സിംന ഷക്കീറിന്റെ കൊലയ്ക്ക് പിന്നില് പ്രണയപ്പകയെന്ന നിഗമനത്തിലാണ് പൊലീസ്. സിംനയെ തനിക്ക് സ്വന്തമാക്കാന് കഴിയില്ലെന്ന മനസ്സിലായതോടെയാണ് കൃത്യത്തിന് ഷാഹുല് തയ്യാറെടുത്തത്. സിംനയെ പിന്തുടര്ന്ന ഷാഹുല് നേരത്തെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കത്തിയുമായി ആശുപത്രിയിലെത്തിയ ഷാഹുല് മദ്യപിച്ചിരുന്നതായാണ് പൊലീസില് നിന്ന് ലഭിക്കുന്ന വിവരം.
മാസങ്ങളായി ഷാഹുല് സിംനയെ പിന്തുടര്ന്ന് ശല്ല്യം ചെയ്തിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഒരു തവണ വീടിന് നേരെ ആക്രമണം നടത്തി. ശല്യം സഹിക്കാതെ വന്നതോടെ സിംന പൊലീസില് പരാതിപ്പെട്ടു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും സിംനയുടെ ബന്ധുക്കള് ചൂണ്ടിക്കാട്ടുന്നു.
അക്രമത്തിനിടെ കൈക്ക് പരിക്കേറ്റ ഷാഹുല് കളമശ്ശേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്താല് മാത്രമെ കൊലപാതകത്തിന്റെ കാരണം സ്ഥിരീകരിക്കാന് സാധിക്കൂ. അതേസമയം മൂവാറ്റുപുഴ ജനറല് ആശുപത്രിയിലുള്ള സിംനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും. തുടര്ന്ന് ബന്ധുക്കള്ക്ക് കൈമാറും. പെരുമറ്റത്തെ തുണിക്കടയിലെ ജീവനക്കാരിയായ സിംനയ്ക്ക് മൂന്ന് മക്കളുണ്ട്. കെട്ടിട നിര്മ്മാണ തൊഴിലാളിയാണ് ഭര്ത്താവ് ഷക്കീര്.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സിംന. ഇവർ പുറത്തിറങ്ങുന്നതും കാത്ത് ഒന്നാം നിലയിൽ തക്കംപാർത്തിരുന്ന ഷാഹുൽ, മുറിയിൽ നിന്ന് പുറത്തിറങ്ങിയ സിംനയെ കുത്തിക്കൊല്ലുകയായിരുന്നു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നിലത്തുവീണ സിംനയുടെ മുതുകിൽ ഷാഹുൽ കത്തി കുത്തിയിറക്കി. സിംന മരിച്ചെന്ന് ഉറപ്പായതോടെ പുറത്ത് നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടാനായിരുന്നു ഷാഹുലിന്റെ ശ്രമം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഷാഹുലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സിംനയുടെ മുതുകിൽ കത്തി കുത്തിയിറക്കി, മരിച്ചെന്ന് ഉറപ്പായതോടെ രക്ഷപ്പെടാൻ ശ്രമം, ആസൂത്രിത നീക്കം