
തിരുവനന്തപുരം: നടൻ ടൊവിനോ തോമസിൻ്റെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതുസംബന്ധിച്ച് തൃശ്ശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് സിപിഐയ്ക്ക് നോട്ടീസ് നൽകി. ടൊവിനോ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ അംബാസിഡറാണ്. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം എഫ്ബിയിൽ ഷെയർ ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് വി എസ് സുനില്കുമാറിനെതിരെ ജില്ലാ കളക്ടര്ക്ക് എന്ഡിഎ പരാതി നല്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്ഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു പരാതി നൽകിയത്. എന്ഡിഎ ജില്ലാ കോഡിനേറ്റര് അഡ്വ. രവികുമാര് ഉപ്പത്താണ് പരാതിക്കാരന്. തിരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്റ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തു. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ചട്ടലംഘനം നടത്തിയ സുനില്കുമാറിനെതിരെ സ്ഥാനാര്ത്ഥിയാക്കുന്നത് തടയണമെന്നായിരുന്നു പരാതിയില് പറഞ്ഞിരുന്നത്.
സുനില്കുമാര് ചിത്രം സോഷ്യല് മീഡിയയില് പങ്കുവെച്ചതിന് പിന്നാലെ ടൊവിനോ താന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്ഡ് അംബാസിഡറായതിനാല് തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് ഫേസ്ബുക്കില് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സുനില്കുമാര് ചിത്രങ്ങള് പിന്വലിക്കുകയും ചെയ്തിരുന്നു.