
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനോട് മാപ്പുപറയണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സത്യഭാമയുടേത് ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണ്. കേരളത്തോടും മാപ്പു പറയണം. കലയും സാഹിത്യവും എല്ലാവർക്കും വേണ്ടിയുള്ളതാണ്. വർഗീയ മുഖത്തോടെ കണ്ടത് ഒട്ടും ശരിയായില്ല. കലാഭവൻ മണിയുടെ സഹോദരനാണ് അപമാനം ഏറ്റുവാങ്ങിയത്.
കറുത്തവർക്ക് പറ്റിയതല്ല ഈ കലാരൂപം എന്നാണ് അവർ പറഞ്ഞത്. ഒരുപാട് അവകാശങ്ങൾക്കു വേണ്ടി പോരാടിയ, കറുത്തവരെ സംരക്ഷിക്കാൻ പോരാടിയ നാടാണിത്. കറുത്തവർ കലയുടെ ഭാഗമാകുന്നതിൽ ഇന്നും വിരോധം കാത്തു സൂക്ഷിക്കുന്ന ഒറ്റപ്പെട്ട ചിലരുണ്ട് എന്നാണ് ഇവരുടെ പ്രസ്താവന കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്എല്വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല് സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്എല്വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.
പ്രസ്താവന വിവാദമായപ്പോഴും പിന്വലിക്കാന് തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്ക്കുകയാണ് സത്യഭാമ. കൂടുതല് കടുത്ത ഭാഷയില് ഇവര് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'മോഹനന് മോഹിനിയാട്ടം കളിച്ചാല് ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില് അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില് പ്രാധാന്യമുണ്ട്. ഇല്ലെങ്കില് ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില് ഉറച്ചുനില്ക്കും' എന്നാണ് സത്യഭാമ പറഞ്ഞത്.
അതേസമയം, കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസില് ഗുരുതര ആരോപണവും ഉയർന്നു. മരുമകളില് നിന്നും കൂടുതല് സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില് നിന്നും പുറത്താക്കിയെന്നും എഫ്ഐആറില് പറയുന്നു. എഫ്ഐആറിന്റെ പകര്പ്പ് റിപ്പോര്ട്ടര് ടി വിക്ക് ലഭിച്ചു. തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസാണ് കേസെടുത്തത്.