
കൊച്ചി: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ പല കോണിൽ നിന്നും രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങളെക്കുറിച്ച് അറിവില്ല. ജാതി അധിക്ഷേപം നടത്തുന്നത് അംഗീകരിക്കില്ല എന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.
കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ കുറിച്ച് ഇതുവരെ അറിവില്ല. ജാതി അധിക്ഷേപം നടത്തുന്നത് അംഗീകരിക്കില്ല എന്നതാണ് പാർട്ടിയുടെ നിലപാട്. ജാതി നശീകരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജാതി അടിസ്ഥാനപ്പെടുത്തി ആളുകളെ അപമാനിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.
'നിറത്തിൽ നല്ലതും മോശവുമില്ല പക്ഷെ മനുഷ്യരിലുണ്ട്' രാഹുൽ മാങ്കൂട്ടത്തിൽഅതേസമയം കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് പറയുകയാണ് കലാമണ്ഡലം സത്യഭാമ. കൂടുതൽ കടുത്ത ഭാഷയിൽ ഇവർ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും' എന്നാണ് സത്യഭാമ പറഞ്ഞത്.