
/topnews/kerala/2024/03/13/k-rice-on-the-market-from-today
കൊച്ചി: കേന്ദ്രത്തിന്റെ ഭാരത് റൈസിനെ വെട്ടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെ റൈസ് ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നടത്തും.
ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നൽകാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. ജയ അരി 29 രൂപയ്ക്കും മട്ട കുറുവ അരി ഇനങ്ങൾ 30 രൂപയ്ക്കുമാണ് വിൽക്കുക. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ ഏജൻസികൾ സംസ്ഥാനത്ത് അരി വില്പന തുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കെ റൈസ് പ്രഖ്യാപിച്ചത്.
അതേസമയം ശബരി കെ റൈസ് മാവേലി സ്റ്റോറുകളില് എത്താന് വൈകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ സപ്ലൈകോ സൂപ്പര് മാര്ക്കറ്റുകളില് മാത്രമേ അരി വിതരണം ആരംഭിക്കൂ എന്നാണ് വിവരം.
പോരാട്ടം ബിജെപിയും എൽഡിഎഫും തമ്മിൽ; ബിജെപിയുടേത് നല്ല സ്ഥാനാർത്ഥികൾ; ഇ പി ജയരാജൻ