
കണ്ണൂർ: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
ഷാജി അടക്കം മൂന്ന് പേരെ കോഴ ആരോപണത്തിന്റെ പേരിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജിബിൻ, ജോമെറ്റ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. കേരള യൂണിവേഴ്സിറ്റി ചെയര്മാന് നല്കിയ പരാതിയിരുന്നു നടപടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷാജിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. നാളെ രാവിലെ 10 മണിക്കായിരുന്നു ഹാജരാകേണ്ടിയിരുന്നത്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർഗം കളി മത്സരത്തിനിടെ കൈക്കൂലി വാങ്ങി അനുകൂല വിധി പ്രഖ്യാപിച്ചുവെന്നതാണ് പരാതി. തിരുവാതിരക്കളി മത്സരത്തിലും കോഴ ആരോപണം ഉയർന്നിരുന്നു.
ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)