
/topnews/kerala/2024/03/12/tn-prathapan-said-that-the-first-task-was-to-ensure-the-success-of-k-muraleedharan
തൃശ്ശൂർ: സ്ഥാനാർഥിത്വവും പാർട്ടി ചുമതലയും തമ്മിൽ ബന്ധമില്ലെന്ന് നിയുക്ത കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി എൻ പ്രതാപൻ. പാർട്ടി എന്ത് ജോലി ഏൽപ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താനെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി. ചുമതലയോടു നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാമത്തെ ചുമതല കെ മുരളീധരന്റെ വിജയമാണെന്നും രണ്ടാമത്തെ ചുമതല കേരളത്തിലെ പാർട്ടിയുടെ വളർച്ചയാണെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി. വർക്കിങ്ങ് പ്രസിഡൻ്റായി നിയോഗിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ടി എൻ പ്രതാപൻ്റെ പ്രതികരണം.
സ്ഥാനാർഥിത്വം മാറിയപ്പോൾ എന്നെ പുകഴ്ത്തിക്കൊല്ലുകയാണ്, എന്തൊരു സിമ്പതിയാണെന്നും പ്രതാപൻ പരിഹസിച്ചു. നേരത്തെ എൽഡിഎഫ് സർക്കാരിൻ്റെ നിലപാട് പാർലമെൻ്റിൽ പറഞ്ഞതിനാണോ ടി എൻ പ്രതാപന് കോൺഗ്രസ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു.
ഇതിനിടെ ടി എൻ പ്രതാപൻ തനിക്കായി മാറി തന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ശക്തമായ നേതൃത്വം പാർട്ടിക്ക് ആവശ്യമാണെന്നും അത് പൂർണ്ണമായും പ്രയോജനപ്പെടുത്താവുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് കണ്ടാണ് തീരുമാനമെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. ടി എൻ പ്രതാപനെ കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റായി നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.