
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവ വേദിയിലേക്ക് കെഎസ്യു പ്രതിഷേധം. കലോത്സവത്തിന് എത്തിയ കെഎസ്യു പ്രവർത്തകരെ എസ്എഫ്ഐ മർദിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രധാന വേദിയിലാണ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായെത്തിയത്. പ്രതിഷേധത്തിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയാണ്.
ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി തല്ലിച്ചതച്ചെന്ന് കെ എസ് യു ആരോപിച്ചു. വിദ്യാർത്ഥികളുടെ കലോത്സവമാണിതെന്നും അല്ലാതെ എസ്എഫ്ഐയുടേതല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. മത്സരം വൈകുന്നതിൽ പ്രതിഷേധവുമായി മത്സരാർഥികളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ മേക്കപ്പ് ഇട്ട് ഇരിക്കുകയാണെന്നും ഭക്ഷണം പോലും കഴിക്കാനായില്ലെന്നും ഒപ്പന മത്സരത്തിനെത്തിയ കുട്ടികൾ റിപ്പോർട്ടറിനോട് പറഞ്ഞു. മത്സരം ഇപ്പോൾ പുനഃരാരംഭിച്ചിട്ടുണ്ട്.