
/topnews/kerala/2024/03/06/protest-government-employees-to-toughen-their-protest-on-salary-crisis
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍. ഉടനടി ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ഇന്ന് സുപ്രീം കോടതി ഇടപെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞതനുസരിച്ചു ഇന്നത്തോടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകണം. എന്നാല്‍ അതുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ മാസം പകുതിയോടെ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാകൂ എന്നതാണ് സ്ഥിതി. ഇത് ബോധ്യമായതോടെയാണ് കൂടുതല്‍ വകുപ്പുകളിലെ ജീവനക്കാര്‍ നിലപാട് കടുപ്പിക്കുന്നത്. മുഴുവന്‍ ശമ്പളവും ഉടനടി വിതരണം ചെയ്തില്ലെങ്കില്‍ പണിമുടക്ക് പ്രതിഷേധത്തിലേക്ക് കടക്കാനാണ് പലരുടെയും തീരുമാനം.
ഇനിയും ശമ്പളം വൈകിയാല്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച് നിയമസഭാ ജീവനക്കാരും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച 40 ശതമാനം ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ശമ്പളം വിതരണം ചെയ്യാനായത്. ഇന്നലെയും ഭാഗികമായാണ് ശമ്പള വിതരണം നടന്നത്.
അതേസമയം, കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക ലഭ്യമാക്കുന്നതിന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.