
തിരുവനന്തപുരം: നിബന്ധനകള് ഇല്ലാതെ കേരളത്തിന് 13,600 കോടി കടമെടുക്കാന് കേരളത്തിന് അനുമതി നല്കാന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്ദേശം നല്കിയ സംഭവത്തില് പ്രതികരണവുമായി ധനമന്ത്രി കെ എന് ബാലഗോപാല്. കേരളത്തിന് അര്ഹമായ തുകയാണ് 13,600 കോടിയെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി കാലത്ത് പിടിച്ചുനില്ക്കാന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
'പ്രതികരിച്ച് വിവാദം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കടമെടുക്കാന് അനുമതി നല്കുന്നത് ശുഭകരമായ കാര്യമാണ്. നമുക്ക് അര്ഹമായ തുകയാണ് 13,600 കോടി. മാര്ച്ചില് സാധാരണയായി ലഭിക്കേണ്ട തുകയാണ്. സുപ്രീംകോടതിയിലെ കേസിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത് തടഞ്ഞുവെച്ചിരുന്നത്', ബാലഗോപാല് പറഞ്ഞു. ബാക്കി തുക കിട്ടാന് ഉദ്യോഗസ്ഥതല ചര്ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നിബന്ധനകള് ഇല്ലാതെ കേരളത്തിന് 13,608 കോടതി രൂപ കടമെടുക്കാന് അനുമതി നല്കുന്നതിനാണ് കേന്ദ്രത്തിന് സുപ്രീംകോടതി നിര്ദേശം നല്കിയിരിക്കുന്നത്. അധികമായി 21,000 കോടി കൂടി കടമെടുക്കാന് അനുമതി നല്കണം എന്ന ആവശ്യത്തില് കേന്ദ്രവും കേരളവും ആയി ചര്ച്ച നടത്താനും കോടതി നിര്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് സെക്രട്ടറിതല ചര്ച്ച നടത്താനാണ് നിര്ദേശം.
ഇത്തവണ സഹായിക്കാം. പക്ഷേ എന്നും സഹായം ഉണ്ടാകില്ലെന്നുമായിരുന്നു കോടതിയില് കേന്ദ്ര സര്ക്കാരിന്റെ വാദം. എന്നാല് കേന്ദ്ര സര്ക്കാരിന്റെ വാദത്തെ കേരളത്തിന് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് കപില് സിബല് എതിര്ത്തു. കേരളം ക്രച്ചസില് അല്ലെന്നും നിയമപരമായ അവകാശമാണ് ചോദിക്കുന്നതെന്നും സൗജന്യങ്ങള് അല്ല ചോദിക്കുന്നത് എന്നും കേരളം കോടതിയില് വ്യക്തമാക്കി. കേരളത്തിന് സാമ്പത്തിക സഹായം നേടേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്ജി പരിഗണിച്ചത്.