വന്യജീവി ആക്രമണം മലയോര മേഖലയിൽ ജനജീവിതം ദുസ്സഹമാക്കുന്നു: എ കെ ശശീന്ദ്രൻ

കൂടുതൽ ആർആർടികളെയും സ്പെഷ്യൽ സ്ക്വാഡിനെയും നിയോഗിക്കും

dot image

തിരുവനന്തപുരം: വന്യജീവി ആക്രമണം സംസ്ഥാന മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. രണ്ട് തരത്തിലാണ് ഈ പ്രതിസന്ധി അതിജീവിക്കാന് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആക്രമണത്തിന് വിധേയരാകുന്നവരെ സഹായിക്കുക, അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലൂടെ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയൂ. വയനാട്ടിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയപ്പോൾ മോശം വാർത്തകൾ കുറഞ്ഞു. ആക്രമണത്തിന് ഇരയായവർക്ക് രേഖകൾ ഹാജരാക്കി 48 മണിക്കൂറിനകം സഹായധനം ലഭ്യമാക്കാൻ നടപടിയായെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ ആർആർടികളെയും സ്പെഷ്യൽ സ്ക്വാഡിനെയും നിയോഗിക്കും. കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. ഇടുക്കിയിലും വയനാടിന് സമാനമായ പ്രശ്നങ്ങൾ ഉണ്ട്. മാർച്ച് ഒമ്പതിന് ഇടുക്കിയിൽ പ്രത്യേക യോഗം ചേരും. 10ന് മൂന്ന് സംസ്ഥാനങ്ങളിലെ മന്ത്രിമാർ ബന്ദിപൂരില് സമ്മേളിക്കും. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി റോഷി അഗസ്റ്റിനുമായും മന്ത്രി രാജീവുമായും ചർച്ച നടത്തി. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെ നിൽക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വന്യമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് കൊടുത്താൽ സന്തോഷമാണ്. സിസിഎഫിന് മയക്കു വെടി വെക്കാൻ ഉള്ള അധികാരം മാത്രമാണുള്ളത്. 72 ലെ നിയമത്തിൽ ഭേദഗതി വേണമെന്നാണ് സർക്കാരിൻ്റെ നിലപാട്. അത് കേന്ദ്രത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിലും മന്ത്രി പ്രതികരിച്ചു. പൂക്കോട് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ് . കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ വേണം എന്നതാണ് നിലപാട്. അത് ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. നടന്നത് അതി ദാരുണമായ കൊലപാതകമാണെന്നും മന്ത്രി പ്രതികരിച്ചു.

dot image
To advertise here,contact us
dot image