
ബംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫെയിലുണ്ടായത് ഐഇഡി സ്ഫോടനമെന്ന് സ്ഥിരീകരിച്ച് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബാഗിലുണ്ടായിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംശയാസ്പദമായി ഒരാള് ബാഗ് കൊണ്ടുവെക്കുന്നത് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വൈറ്റ്ഫീല്ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ബംഗളൂരുവിലെ പ്രശസ്തമായ ഫുഡി ജോയിന്റുകളില് ഒന്നാണ് രാമേശ്വരം കഫേ. സ്ഫോടനത്തില് ഒമ്പത് പേര്ക്ക് പരിക്കേറ്റെന്ന് കര്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്ക്ക് അടക്കമാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്ഫോടനമാണെന്ന് വ്യക്തമായത്. എന്ഐഎ സംഘവും ബോംബ് സ്ക്വാഡും അടക്കം സ്ഥലത്തുണ്ട്. സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.
'കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു'; ശ്രീപ്രിയ പറഞ്ഞെന്ന് സഹോദരി