
May 15, 2025
09:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിലാണ് താപനില മുന്നറിയിപ്പ്.
ഇന്നും നാളെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് , കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ കൂടുതലാണിത്.
സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്.