
മലപ്പുറം: പൊന്നാനിയിലും എറണാകുളത്തും പുത്തൻ പരീക്ഷണത്തിനൊരുങ്ങി സിപിഐഎം. എറണാകുളത്ത് കെഎസ്ടിഎ മുൻ ജില്ലാ സെക്രട്ടറി കെ ജെ ഷൈനെ മത്സരിപ്പിക്കാനാണ് തീരുമാനം. നിലവിൽ കെഎസ്ടിഎ സംസ്ഥാന സമിതി അംഗമാണ് ഷൈൻ. പറവൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഷൈൻ ലത്തീൻ സഭാംഗമാണ്. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ രണ്ടാമത്തെ വനിതാ സ്ഥാനാർത്ഥി കൂടി ആവുകയാണ് കെകെ ഷൈൻ. വടകരയിൽ മുൻ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് തീരുമാനം.
എറണാകുളത്ത് വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിനായാണ് സിപിഐഎം തയ്യാറെടുക്കുന്നത്. ലത്തീൻ വിഭാഗത്തിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥിയെ സിപിഐഎം പരീക്ഷിക്കുമ്പോൾ സാധ്യതകൾ പലതാണ്. സാമുദായിക പരിഗണനകൾക്കൊപ്പം എറണാകുളം മണ്ഡലത്തിൽ സ്ത്രീ വോട്ടർമാർ പുരുഷ വോട്ടർമാരെക്കാൾ കൂടുതലാണ് എന്നതും സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിച്ചിട്ടുണ്ടാകും. എറണാകുളം പോലെ യുഡിഎഫിന് മുൻതൂക്കമുള്ള നഗരമണ്ഡലത്തിൽ സ്ത്രീ പ്രാധിനിത്യം ചർച്ചയാക്കാനും സിപിഐഎം ശ്രമിച്ചേക്കും. ഇതിന് മുമ്പ് 2009-ൽ സിന്ധു ജോയിയെ സിപിഐഎം എറണാകുളത്ത് പരീക്ഷിച്ചിരുന്നു. അന്ന് 11790 വോട്ടിന് കെ വി തോമസിനായിരുന്നു വിജയം.
പൊന്നാനിയിൽ അപ്രതീക്ഷിത സ്ഥാനാർഥിയെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം. മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെയാണ് സിപിഐഎം പൊന്നാനിയിൽ മത്സരിപ്പിക്കുക. മുസ്ലിം ലീഗിനുള്ളിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് 2023-ല് കെ എസ് ഹംസയെ പാര്ട്ടിയില്നിന്ന് പുറത്താക്കിയത്. വർഷങ്ങളായി ലീഗിന്റെ കോട്ടയായി നിലകൊള്ളുന്ന പൊന്നാനി പിടിച്ചെടുക്കാൻ മുൻ ലീഗ് നേതാവിനെത്തന്നെ ഇറക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. നിലവിൽ മുസ്ലിം ലീഗിലും സമസ്തയിലും ഉള്ള ആഭ്യന്തര പ്രശ്നങ്ങളെ മുതലെടുക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെന്നതും കെ എസ് ഹംസയെ പരിഗണിക്കുന്നതിൽ ഘടകമായിട്ടുണ്ട്. പൊന്നാനിയിൽ കഴിഞ്ഞ മൂന്ന് തവണയും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് പാർട്ടി പരീക്ഷിച്ചത്. കഴിഞ്ഞ തവണ ഇ ടി മുഹമ്മദ് ബഷീറിനോട് മത്സരിക്കാൻ പി വി അൻവറിനെയാണ് സിപിഐഎം തിരഞ്ഞെടുത്തത്. എന്നാൽ ആ തീരുമാനം മുതൽ നീണ്ട വിവാദങ്ങൾ എൽഡിഎഫിന് മണ്ഡലത്തിൽ വെല്ലുവിളിയായിരുന്നു. 521824 വോട്ടാണ് അന്ന് ഇ ടി നേടിയത്. 328551 വോട്ട് അൻവറും 110603 വോട്ട് ബിജെപിയുടെ രമയും നേടിയിരുന്നു.