
/topnews/kerala/2024/02/17/rahul-mankoottathil-asks-forest-ministers-resignation-amin-wayanad-wild-animal-attack
കാസർകോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അട്ടർവേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തിൽ പ്രതിഷ്ഠിക്കണമെന്നും മാങ്കൂട്ടത്തിൽ പരിഹസിച്ചു. വനം മന്ത്രി രാജിവെക്കും വരെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയും. ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല മന്ത്രിയുടെ ആഢംബരം. വയനാട്ടിൽ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് തിരിഞ്ഞു നോക്കാൻ വനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൊല്ലുന്നത് കാട്ടാനയും കടുവയും ആണെങ്കിൽ കൊലപാതകത്തിന് കാരണക്കാരൻ വനം മന്ത്രിയാണ്. മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ബുദ്ധിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണം. അടിയന്തരഘട്ടത്തിൽ വിളിക്കേണ്ടതാണ് യോഗം. വനം മന്ത്രിയെ പുറത്താക്കാനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് വയനാട്ടിൽ പ്രതിഷേധം കടുത്തിരിക്കുകയാണ്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. വളരെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജീവനക്കാരനെ പ്രതിഷേധക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെയാണ് കേണിച്ചിറയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡവുമായി ചിലർ എത്തിയതും ജഡം വാഹനത്തിന്റെ ബോണറ്റിൽ വച്ചുകെട്ടിയതും. വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാർ കയ്യേറ്റത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരെയുണ്ടായി.
ഇതിനിടെ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതിൽ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
പോളിന്റെ കുടുംബത്തിന് 50 ലക്ഷം ഉടന് നല്കണമെന്ന് നാട്ടുകാര്; പത്ത് ലക്ഷം നല്കാമെന്ന് എഡിഎം