
May 16, 2025
04:55 AM
ഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചർച്ച വൈകിട്ട്. ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പങ്കെടുക്കുന്നില്ല. ചർച്ചയെ വളരെ പ്രതീക്ഷയോടെ കാണുന്നു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന കേരളത്തിന്റെ ഹര്ജിയാണ് സമവായ ചർച്ചയക്ക് വാതിൽ തുറന്നത്. പിഎഫ് അടക്കാന് പോലും നിവൃത്തിയില്ലാത്ത തരത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല് അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് കേരളത്തിന്റെ വാദം. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും.
ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് കേന്ദ്രവുമായി ചർച്ച നടത്തുക. പ്രശ്നങ്ങൾക്ക് പരിഹാരമാണ് ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നിർമ്മല സീതാരാമൻ ഇല്ലെങ്കിലും ഉത്തരവാദിത്തപ്പെട്ടവരാണ് ചർച്ച നടത്തുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. കേരളത്തിന് ഇളവ് അനുവദിച്ചാൽ മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളും ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമോയെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. അതിനാൽ ചർച്ചകളിൽ എത്രത്തോളം ഇളവ് അനുവദിക്കാൻ കേന്ദ്രം തയ്യാറാകും എന്ന് കണ്ടറിയണം. കേരളത്തിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ, ചർച്ചയുടെ പുരോഗതി അറിയിക്കും.