എത്രയും വേഗം വില വ്യത്യാസം പ്രാബല്യത്തില് വരും'; സപ്ലൈകോ ദുര്ബലമാകാന് പാടില്ലെന്നും മന്ത്രി

സാഹചര്യങ്ങള് അനുകൂലമായിരുന്നെങ്കില് ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നുവെന്നും മന്ത്രി

dot image

തിരുവനന്തപുരം: സപ്ലൈകോയിലെ വിലവര്ധന എത്രയും വേഗം പ്രാബല്യത്തില് വരുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്. സപ്ലൈകോ ദുര്ബലമാകാന് പാടില്ല. സാഹചര്യങ്ങള് അനുകൂലമായിരുന്നെങ്കില് ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

സര്ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ വര്ധിപ്പിക്കാത്തത്. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മില് ഏറെ അന്തരമുണ്ട്. ഭീമമായ ബാധ്യതയാണ് സര്ക്കാരിനുണ്ടായത്. 1525 കോടിയുടെ ബാധ്യതയുണ്ട്. വിവിധ സര്ക്കാരുകളുടെ കാലത്ത് ഉള്പ്പടെ ഉണ്ടായ ബാധ്യതയാണിത്. ഇത്തരം ഒരു പൊതുസംരംഭം നിലനിര്ത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

തീരുമാനങ്ങള് വെളിപ്പെടുത്തുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സഭയോട് ഒരു അനാദരവും കാണിച്ചിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനം മാധ്യമങ്ങള്ക്ക് സ്വാഭാവികമായും അറിയാന് കഴിയും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും പ്രതിപക്ഷ നേതാവിന്റെ കാഴ്ച്ചപ്പാടല്ല സര്ക്കാരിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

ഓരോ സാധനങ്ങളുടെയും വിപണിവിലയില് നിന്ന് 35% സബ്സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്കിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളില് ഇനി സബ്സിഡി സാധനങ്ങള് ലഭിക്കുക. സപ്ലൈകോയില് 13 ഇനം സാധനങ്ങളില് മുളകിനാണ് ഏറ്റവും വില കൂടുന്നത്. കടലയ്ക്കും വന്പയറിനും തുവരപ്പരിപ്പിനും 50%ത്തിലധികം വില വര്ധിപ്പിച്ചു. അതേസമയം മല്ലിയുടെ വില മുന്പുള്ളതിനേക്കാള് 50പൈസ കുറഞ്ഞു.

പുതിയ നിരക്ക് അനുസരിച്ച് 13ഇനം സാധനങ്ങളില് എറ്റവും വിലകൂടിയത് മുളകിനാണ്. 37.50 രൂപയ്ക്ക് അരക്കിലോ മുളക് വാങ്ങാന് ഇനി 82 രൂപ നല്കേണ്ടിവരും. 44.50 രൂപ വര്ധിച്ചു. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46രൂപ വര്ദ്ധിച്ച് 111 രൂപയായി. വന്പയറിന് 30രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. കടല കിലോയ്ക്ക് 26 രൂപയും ചെറുപയറിന് 18രൂപയും പഞ്ചസാരയ്ക്ക് 5രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികള്ക്ക് 5 രൂപയും ജയ അരിക്ക് 4 രൂപയും കൂടിയിട്ടുണ്ട്. 25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങള്ക്ക് വാങ്ങാന് ഇനി 30 രൂപ വരെ നല്കണം. പച്ചരിക്ക് 3രൂപ കൂടിയപ്പോള് മല്ലിക്ക് 50പൈസ കുറഞ്ഞു. ഉഴുന്ന്, പയര് ഇനങ്ങള് മാത്രമാണ് നിലവില് മാവേലി സ്റ്റോറുകളില് സ്റ്റോക്ക് ഉള്ളത്. സാധനങ്ങള് പുതിയ സ്റ്റോക്ക് വരുമ്പോള് മാത്രമേ പുതിയ വില പ്രാബല്യത്തില് ആകൂ.

dot image
To advertise here,contact us
dot image