
തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരിച്ച വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ഉള്ളൂരിലെ വീട്ടിൽ നാളെ രാവിലെ 8വരെ പൊതുദർശനത്തിന് വെക്കും. ഒമ്പത് മണിക്ക് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. ഫെബ്രുവരി 12നാണ് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനമുണ്ടായത്. രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി വീടുകൾ തകർന്നു.
നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതായാണ് മുഖ്യമന്ത്രിക്ക് ഫയർ ഫോഴ്സ് നൽകിയ റിപ്പോർട്ട്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ നടപടി കർശനമാക്കണമെന്നാണ് ശുപാർശ. നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചതായും സുരക്ഷിതത്വമില്ലാതെ കൈകാര്യം ചെയ്തെന്നും റിപ്പോർട്ടില് പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിപ്പിച്ചവർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ ഐപിഎസാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരാള് സംഭവത്തിന് പിന്നാലെയും മറ്റൊരാള് ചികിത്സയിലായിരിക്കെയുമാണ് മരിച്ചത്.
സ്ത്രീകളും കുട്ടികളും ഉള്പ്പടെയുള്ള പരിക്കേറ്റവര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകള്ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര് അകലെവരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര് അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായുമാണ് പ്രദേശവാസികള് പറയുന്നത്.
തൃപ്പൂണിത്തുറ സ്ഫോടനം; തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ നിസ്സഹായരായി ജനങ്ങള്