
തിരുവനന്തപുരം: ലോക്സഭ സീറ്റ് നൽകാത്തതിൽ ആർജെഡിക്ക് ഉള്ളിൽ കടുത്ത അതൃപ്തി. പാർട്ടി വഞ്ചിക്കപ്പെട്ടെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ. മാന്യമായ അംഗീകാരം എൽഡിഎഫ് ആർജെഡിക്ക് നൽകണമെന്നും സലിം മടവൂർ ആവശ്യപ്പെട്ടു.
1991 മുതൽ പല തവണ എംപി വീരേന്ദ്രകുമാർ മത്സരിച്ച കോഴിക്കോട് ലക്ഷ്യം വച്ചായിരുന്നു ആർജെഡിയായി മാറിയ എൽ ജെ ഡി യുടെ പ്രവർത്തനങ്ങൾ. 2009 ൽ ഇടതുമുന്നണി വിട്ട എൽജെഡി 2018ൽ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോൾ എൽഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാൽ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. എൽഡിഎഫിൽ നിന്നും മാന്യമായ അംഗീകാരം ലഭിച്ചില്ലെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു.
മത്സരിക്കാൻ അവസരം ഇല്ലാതായതോടെ കടുത്ത അമർഷത്തിലാണ് കീഴ് ഘടകങ്ങൾ. രാജ്യസഭാ സീറ്റിനു വേണ്ടി എം പി ശ്രേയസ് കുമാർ വിട്ടുവീഴ്ച ചെയ്യുന്നു എന്നും ആരോപണം ഉണ്ട്. സിപിഐഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കേരള കോൺഗ്രസ് ഒരു സീറ്റിലും മത്സരിക്കാനുള്ള എൽഡിഎഫ് ഫോർമുല അംഗീകരിക്കരുതെന്നാണ് പാർട്ടി വികാരം.